മംഗലശേരി നീലകണ്ഠനും കാർത്തികേയനും വീണ്ടും തിയേറ്ററുകളിലെത്തുന്നു; രാവണപ്രഭു വീണ്ടും റീ റിലീസ് ചെയ്യുന്നു

മംഗലശ്ശേരി നീലകണ്ഠനായും, മകൻ കാർത്തികേയനായും മോഹൻലാൽ നിറഞ്ഞാടിയ ചിത്രമാണ് രാവണപ്രഭു. ചിത്രം കഴിഞ്ഞ ഒക്ടോബറിൽ റീ റീലീസ് ചെയ്തപ്പോൾ മലയാളികൾ ആഘോഷമാക്കിയതാണ്. 5 കോടിക്കടുത്തതാണ് ചിത്രം അന്ന് തിയേറ്ററിൽ നിന്ന് നേടിയത്. ഇപ്പോഴിതാ വീണ്ടും ചിത്രം റീ റീലിസ് ചെയ്യാൻ ഒരുങ്ങുകയാണ്. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് മാർച്ച് 6 ന് സിനിമ വീണ്ടും തിയേറ്ററിൽ എത്തും. നിലവിൽ തിയേറ്ററുകളിൽ പുത്തൻ റിലീസുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് രാവണപ്രഭുവിനായി ആരാധകർ മുറവിളി കൂട്ടുന്നത്. രാവണപ്രഭു വീണ്ടും തിയേറ്ററുകളിൽ നിന്ന് മികച്ച കളക്ഷൻ നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

റീ റിലീസുകളിൽ മോഹൻലാലിന്റെ അഞ്ചാമത്തെ ഉയർന്ന കളക്ഷൻ ആയിരുന്നു രാവണപ്രഭുവിന്റേത്. 5.40 കോടി നേടിയ ദേവദൂതൻ ആണ് റീ റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ മോഹൻലാൽ സിനിമ. രണ്ടാം വരവിൽ ഗംഭീര അഭിപ്രായമാണ് സിനിമ നേടിയത്. മികച്ച വരവേൽപ്പ് ലഭിച്ച സിനിമ ആദ്യ ദിനം നേടിയത് 50 ലക്ഷമായിരുന്നു. 5.4 കോടിയാണ് ആഗോളതലത്തിൽ സിനിമയുടെ ഫൈനൽ കളക്ഷൻ. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് ചിത്രം പുറത്തിറങ്ങിയത്.

അതേസമയം, രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചത്.