വീട്ടിൽ റവ ഉണ്ടോ? എങ്കില്‍ ചായ തിളക്കുന്ന സമയം കൊണ്ട് തന്നെ ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കാം!!

കോട്ടയം: വീട്ടില്‍ സുലഭമായി ലഭിക്കുന്ന മുട്ടയും, റവയും, മൈദയും എല്ലാം വെച്ച്‌ എളുപ്പത്തില്‍ ഒരു നാലുമണി പലഹാരം ഉണ്ടാക്കാം.

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ രുചികരമായ ഈ ഒരു പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ ഒരു ബൗളിലേക്ക് രണ്ട് മുട്ട പൊട്ടിച്ച്‌ ഒഴിച്ച ശേഷം ഇതിലേക്ക് പഞ്ചസാര ഇട്ട് നന്നായി മിക്സ് ചെയ്യുക.

പഞ്ചസാര നന്നായി അലിഞ്ഞ ശേഷം ഇതിലേക്ക് രണ്ടു നുള്ള് ഉപ്പും ഏലക്ക പൊടിയും കൂടിയിട്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വറുത്ത റവ കൂടി ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് മൈദ പൊടി കുറച്ച്‌ കുറച്ചായി ഇട്ട് കൊടുക്കുക. മൈദ പൊടി എല്ലാം ഒരുമിച്ച്‌ ഒരേ സമയത്ത് ഇടാതിരിക്കുക. കുറച്ച്‌ കുറച്ച്‌ ഇട്ട് മാവ് കട്ടിയുള്ള ഒരു ബാറ്റർ ആക്കി മാറ്റുക. അവസാനമായി ഇതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡയും കൂടിയിട്ട് ഇളക്കുക.

ഒരു ഫ്രയിങ് പാൻ അടുപ്പില്‍ വച്ച്‌ ചൂടാകുമ്ബോള്‍ ആവശ്യത്തിന് ഓയില്‍ ഒഴിച്ച്‌ നന്നായി ചൂടായി വരുമ്ബോള്‍ തീ കുറച്ചു വെച്ച ശേഷം നമ്മുടെ ബാറ്റർ ഒരു സ്പൂണ്‍ കൊണ്ട് കോരി ഒഴിച്ച്‌ കൊടുക്കുക. തീ മീഡിയം ഫ്ലെയിമില്‍ തന്നെ വയ്ക്കുക ഇല്ലെങ്കില്‍ ഇതിന്റെ ഉള്‍ഭാഗം വേവുകയില്ല പുറംഭാഗം പെട്ടെന്ന് ബ്രൗണ്‍ നിറമാവുകയും ചെയ്യും. രണ്ട് സൈഡും നന്നായി മൊരിയിച്ചെടുത്ത ശേഷം ഇത് എണ്ണയില്‍ നിന്നും കോരി എടുക്കാവുന്നതാണ്.