ഇ പോസ് മെഷീന്‍ പണിമുടക്കി; മിക്ക ജില്ലകളിലും സൗജന്യ കിറ്റ് വിതരണം പാളിയതിന് പിന്നാലെ റേഷന്‍ വിതരണവും അവതാളത്തില്‍; അരിപോലും വിതരണം ചെയ്യാൻ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്; പ്രതിസന്ധിയിലായി ജനങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സൗജന്യ കിറ്റ് വിതരണം പാളിയതിന് പിന്നാലെ സംസ്ഥാനത്തെ റേഷൻ വിതരണവും അവതാളത്തിലായി.

മിക്ക ജില്ലകളിലെയും ഇ പോസ് മെഷീനുകള്‍ തകരാറിലായതോടെ അരിപോലും റേഷൻകടകള്‍ വഴി വിതരണം ചെയ്യാൻ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണ റേഷൻ സാധനങ്ങള്‍ക്ക് പുറമേ ഓണം സ്പെഷ്യല്‍ അരിയും ഓണക്കിറ്റും വിതരണം ചെയ്യുന്നത് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരുന്നു. അതേസമയം, മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള ഒടിപി വഴി വിതരണം നടക്കുന്നുണ്ട്.

ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെയാണ് സംസ്ഥാനത്ത് ഇ – പോസ് തകാറിലാവുന്നത്. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, പത്ത് ശതമാനം കിറ്റ് മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്.

ഇന്നലെ രാത്രി പത്ത് മണി വരെയുള്ള കണക്ക് പ്രകാരം 62,231 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്‌. സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് കിറ്റ് നല്‍കേണ്ടത്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ്.

ഇന്ന് ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളില്‍ എത്തിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇന്നലെ ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളില്‍ എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും, പായസം മിക്സും കറിപൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു.

മില്‍മയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളില്‍ മറ്റ് കമ്ബനികളുടേത് വാങ്ങി പാക്കിംഗ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.