മുംബൈ: ജനങ്ങളുടെ മനസ്സില്‍ ടാറ്റയെന്നാല്‍ അത് രത്തന്‍ ടാറ്റയാണ്.
പണക്കൊഴുപ്പുകളുടെ മാത്രം ലോകമായ ബിസിനസ്സില്‍ സാധാരണക്കാരന്റെയും സ്വപ്നങ്ങളെ കൂടെക്കൂട്ടിയാണ് ടാറ്റ തന്റെ സാമ്രാജ്യങ്ങള്‍ ഒരോന്നായി വെട്ടിപ്പിടിച്ചതും അവയ്ക്കൊക്കെ തന്നെയും ഒരു ജനകീയ മുഖം നല്‍കിയതും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കോടീശ്വരന്‍, മനുഷ്യസ്‌നേഹി, മൃഗസ്‌നേഹി, ഏതുകാര്യത്തിലും എന്നും മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നയാള്‍ ഇങ്ങനെ ജനമനസ്സുകളില്‍ വിശേഷണങ്ങളേറെയാണ് രത്തന്‍ ടാറ്റയ്ക്ക്.
ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെ വിജയത്തിന്റെ മാധുര്യമാക്കി മാറ്റിയ കഥയാണ് രത്തന്‍ ടാറ്റയുടെത്.1868ല്‍ രത്തന്‍ ടാറ്റയുടെ മുതുമുത്തച്ഛന്‍ ജംഷഡ്ജി ടാറ്റയാണ് കന്മനി തുടങ്ങിയത്. അദ്ദേഹത്തിന്റെ മകന്‍ രത്തന്‍ജി ടാറ്റയുടെ വളര്‍ത്തുപുത്രന്‍ നവല്‍ ടാറ്റയുടെ മകനാണ് രത്തന്‍ ടാറ്റ.1991-ലാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനാവുന്നത്.
2012-ല്‍ സ്ഥാനമൊഴിഞ്ഞെങ്കിലും 2016-ല്‍ വീണ്ടും ഒരുവര്‍ഷത്തേക്ക് ചെയര്‍മാനായി.അദ്ദേഹത്തിന്റെ കാലത്താണ് കമ്പനിയുടെ ഏറ്റവും പ്രതാപം കാലം. ടാറ്റ ഏറ്റവും കൂടുതല്‍ വരുമാനവും ലാഭവുമുണ്ടാക്കിയത്, ലോകപ്രശസ്തമാവുന്നതുമൊക്കെ ഈ കാലയളവിലാണ്.
ഇടത്തരക്കാരുടെ സ്വപ്നമായ നാനോ കാര്‍ പുറത്തിറങ്ങിയതും അദ്ദേഹത്തിന്റെ കാലത്തുതന്നെ. 2024 ജൂണിലെ കണക്കുകള്‍ പ്രകാരം ആകെയുളള ആസ്തി 3800 കോടി രൂപയാണ്. കമ്പനിയുടെ ലാഭത്തിന്റെ 66 ശതമാനവും ടാറ്റ ട്രസ്റ്റിലൂടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്യുന്നു.
ഇന്നത്തെപ്പോലെ മധുരമുള്ളതായിരുന്നില്ല രത്തന്‍ ടാറ്റയ്ക്ക് തന്റെ ബാല്യം.രത്തന് പത്തുവയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത്.മുത്തശ്ശി നവജ്ബായ് ടാറ്റയാണ് പിന്നീട് രത്തനെ വളര്‍ത്തിയതെല്ലാം.അതിനാല്‍ തന്നെ അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ അടുപ്പവും മുത്തശ്ശിയോടായിരുന്നു.മുത്തശ്ശിയെക്കുറിച്ച് ഒരിക്കല്‍ ഹ്യുമന്‍സ് ഓഫ് ബോംബെയുമായുള്ള അഭിമുഖത്തില്‍ രത്തന്‍ ടാറ്റ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.
”എന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ആ കാലം മറികടക്കാന്‍ മുത്തശ്ശിയെന്നെ ശരിക്ക് സഹായിച്ചു.പലകാര്യങ്ങളും പഠിപ്പിച്ചതും മുത്തശ്ശിയാണ്. തലയുയര്‍ത്തി നില്‍ക്കാനും മാതാപിതാക്കളുടെ വിവാഹമോചനം മൂലം ഞാനനുഭവിച്ച പരിഹാസങ്ങളെയെല്ലാം അവഗണിക്കാനുമൊക്കെ അവരെന്നെ പഠിപ്പിച്ചു. ആരോടും പരുഷമായും പരുക്കനായും ഇടപെടാതിരിക്കാന്‍ കഴിയുന്നതും മുത്തശ്ശിയുടെ സഹായം കൊണ്ടുതന്നെയാണ്”. ജീവിതത്തിലെ പാഠങ്ങളെല്ലാം അവിടുന്നായിരുന്നു.ഇങ്ങനെയാണ് തന്റെ ബാല്യത്തെ ടാ്റ്റ ഓര്‍ത്തെടുത്തത്.
രത്തന്‍ ടാറ്റ എട്ടാം ക്ലാസ് വരെ മുംബൈയിലെ കാംപിയന്‍ സ്‌കൂളിലാണ് പഠിച്ചത്.തുടര്‍ന്ന് ജോണ്‍ കോണന്‍ സ്‌കൂള്‍, ഷിംലയിലെ ബിഷപ്പ് കോട്ടണ്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും പഠിച്ചു.ഉന്നതവിദ്യാഭ്യാസമെല്ലാം അമേരിക്കയിലായിരുന്നു.1955-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ റിവര്‍ഡേല്‍ കണ്‍ട്രി സ്‌കൂളില്‍ നിന്നാണ് അദ്ദേഹം ഡിപ്ലോമ നേടിയത്.1961 ലാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിലെ തന്റെ കരിയര്‍ ആരംഭിച്ചത്.ടാറ്റ സ്റ്റീലിന്റെ ഷോപ്പ് ഫ്‌ളോറിലായിരുന്നു അദ്ദേഹം ആദ്യം നിയമിതനായത്.
എന്നാല്‍ പാതിവഴിയില്‍ അവസാനിപ്പിക്കാതെ പഠനം പൂര്‍ത്തിയാക്കാന്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായി.
കോര്‍ണല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ആര്‍ക്കിടെക്ചറിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് രത്തന്‍ ടാറ്റ.ഒന്‍പത് വര്‍ഷത്തെ ടാറ്റ സ്റ്റീലിലിലെ സേവനത്തിന് ശേഷം നാഷണല്‍ റേഡിയോ ഇലക്‌ട്രോണിക്സ് ആന്റ് കമ്ബനി ലിമിറ്റഡിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയി.1977 ല്‍ ടാറ്റ ഗ്രൂപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള ടെക്സറ്റൈല്‍ ബിസിനസിലേക്ക് അദ്ദേഹത്തെ മാറ്റി.
ഇങ്ങനെ ടാറ്റ സാമ്രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും തന്റെ വൈദഗ്ധ്യം തെളിയിച്ച് 1991 ലാണ് രത്തന്‍, ടാറ്റയുടെ തലപ്പത്തേക്ക് എത്തുന്നത്.ടാറ്റാ സാമ്രാജ്യത്തിന്റെ വിജയ കഥയും ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.
ഇന്ത്യ-ചൈന യുദ്ധം നഷ്ടപ്പെടുത്തിയ പ്രണയം.. അവിവാഹിതനായി ജീവിതം
ലോസ്‌ആഞ്ചലോസിലെ ഉന്നത വിഭ്യാഭ്യാസം കഴിഞ്ഞ് ലോസ് ആഞ്ചല്‍സില്‍ കുറച്ചുകാലം രത്തന്‍ ജോലി ചെയ്തു.ആ സമയത്ത് അവിടെയുള്ളൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു അദ്ദേഹം.എന്നാല്‍, ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവള്‍ ഇന്ത്യയിലേക്ക് പോവുന്നതിനെ എതിര്‍ത്തു.1962ലെ ഇന്ത്യ-ചൈന യുദ്ധം മൂലമാണ് പെണ്‍കുട്ടിയെ ഇന്ത്യയിലേക്ക് അയക്കുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നത്.
പക്ഷെ അതിനുശേഷം രത്തന്‍ ടാറ്റ വിവാഹത്തെ കുറിച്ച് ആലോചിച്ചതേയില്ല.തന്റെ അവസാന ശ്വാസം വരെയും അവിവാഹിതനായി തന്നെ തുടരുകയായിരുന്നു അദ്ദേഹം.2011-ല്‍ ഒരഭിമുഖത്തില്‍ ഈ സംഭവത്തെക്കുറിച്ച് ടാറ്റ തന്നെ പറഞ്ഞതിങ്ങനെ ”വളരെ ഗാഢമായ പ്രണയമായിരുന്നു അത്. ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അമേരിക്കയില്‍ താമസമാക്കാമെന്നായിരുന്നു ചിന്ത. അതിനിടയിലാണ് മുത്തശ്ശിക്ക് അസുഖം കൂടുന്നത്. അവിടെത്തന്നെ തുടരണോ, അതോ മുത്തശ്ശിക്കായി ഇന്ത്യയിലേക്ക് മടങ്ങണോ…കുറേ നാളത്തെ ആലോചനകള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.
അവള്‍ പിന്നാലെ വരാമെന്നായിരുന്നു തീരുമാനം. എന്നാല്‍ അതുപോലൊന്നും നടന്നില്ല.ഞാന്‍ ഇന്ത്യയിലെത്തി തൊട്ടടുത്ത വര്‍ഷം ഇന്തോ-ചൈന യുദ്ധം തുടങ്ങി. അവള്‍ ഇന്ത്യയിലേക്ക് വരുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തു.അതോടെ ആ ബന്ധം പിരിയേണ്ടിവന്നു.പിന്നീടും നാലുതവണ വിവാഹത്തിനടുത്തുവരെ എത്തിയിരുന്നു.പക്ഷേ ഓരോ തവണയും പേടികൊണ്ടോ അല്ലെങ്കില്‍ വേറെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ അത് വേണ്ടെന്നുവെച്ചു”.
എന്നാല്‍ സിമി ഗരേവാളുമായുള്ള ഒരു അഭിമുഖത്തില്‍ ഭാര്യയോ കുടുംബമോ ഇല്ലെന്ന കാരണത്താല്‍ ഒറ്റപ്പെടല്‍ അനുഭവിച്ച പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട് ജീവിതത്തിലെന്ന് രത്തന്‍ ടാറ്റ തുറന്നുസമ്മതിച്ചിരുന്നു.ഒരുപക്ഷെ ആ ഒറ്റപ്പെടലും വിഷമവുമൊക്കെയായിരിക്കാം ടാറ്റയിലെ ജീവകാരുണ്യ പ്രവര്‍ത്തകനെ വളര്‍ത്തിയത്.
