പുതുവര്‍ഷാഘോഷത്തിനെന്ന വ്യാജേന പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചിയിലെത്തിച്ച്‌ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കൊച്ചി: പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയില്‍ അഷ്കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെ കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കേസുണ്ട്.

ചൊവ്വാഴ്ചയാണ് ഇയാള്‍ വിദ്യാർഥിനിയെ പുതുവർഷാഘോഷത്തിനെന്ന പേരില്‍ ഫോർട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലെത്തിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.