തിരുവനന്തപുരം: വെള്ളറടയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
പനച്ചമൂട്, പഞ്ചാ കുഴി മലവിളക്കോണം സിനു ഭവനില്‍ ഷിജിൻ(19) ആണ് അറസ്റ്റിലായത്.
ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി അടുപ്പം സ്ഥാപിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
വെള്ളറടയില്‍ പനച്ചമൂട്ടില്‍ പ്രവർത്തിക്കുന്ന ടയറുകടയിലെ ജീവനക്കാരനാണ് കേസിലെ പ്രതിയായ ഷിജിൻ. ഇയാള്‍ ജോലി ചെയ്തിരുന്ന ടയർ കടയ്ക്ക് മുന്നിലൂടെ സ്കൂളില്‍ പോയിരുന്ന പെണ്‍കുട്ടിയുമായി ഷിജിൻ സൗഹൃദം നടിച്ച് അടുപ്പത്തിലാകുകയായിരുന്നു.
പിന്നീട് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പർ വാങ്ങിയ ശേഷം പതിവായി ഫോണ്‍ വിളിച്ച് സംസാരം തുടങ്ങി. പ്രണയം നടിച്ച് അടുപ്പം വളർത്തിയ പ്രതി വിവാഹം വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു.
തുടർന്ന് പ്രതി കഴിഞ്ഞ ഡിസംബറില്‍ കേരളത്തിലും, തമിഴ്നാട്ടിലും പല സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ശേഷം ഷിജിൻ പെണ്‍കുട്ടിയെ ഒഴിവാക്കാൻ ശ്രമിച്ചു. ഇതോടെയാണ് വിദ്യാർത്ഥിനി താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് പെണ്‍കുട്ടി രക്ഷിതാക്കളെ കാര്യം അറിയിക്കുകയും രക്ഷിതാക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
