കോട്ടയം രാമപുരത്ത് മോഷണ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; 15 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

കോട്ടയം: രാമപുരത്ത് മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിന്റെ പിടിയില്‍.

തമിഴ്നാട് സ്വദേശിയായ അരുള്‍ രാജ് ആണ് രാമപുരം പൊലീസിന്റെ പിടിയിലായത്. 2008ല്‍ വെളിയന്നൂര്‍ ഭാഗത്തെ വീട്ടില്‍ കയറി മോഷ്ടിക്കാൻ ശ്രമിച്ചതിന് രാമപുരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ഇയാള്‍ കോടതിയില്‍ ഹാജരാവാതെ ഒളിവില്‍ പോയി. തുടര്‍ന്ന് കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

ഇത്തരത്തില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്‌ നടത്തിയ തെരച്ചിലിലാണ് ഇയാളെ നാമക്കല്‍ ഈറോഡ് ഭാഗത്തുനിന്നും പിടികൂടിയത്.