കോട്ടയം: തെലുങ്ക് നടൻ രാം ചരണ്‍ തന്റെ 40-ാം വയസിലും ഫിറ്റ്നസിലും ഡയറ്റിലും ഏറെ ശ്രദ്ധക്കുന്ന താരമാണ്.
കഠിനമായ വ്യായാമ ദിനചര്യയും കർശനമായ ഭക്ഷണക്രമവും നടൻ പിന്തുടരുന്നുണ്ട്.
വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രമേ താൻ കഴിക്കാറുള്ളൂവെന്നാണ് അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രാം ചരണ്‍ വെളിപ്പെടുത്തിയത്.
“ബാലൻസ്ഡ് ലൈഫ്സ്റ്റൈല്‍ നിലനിർത്താനാണ് ഞാൻ ശ്രമിക്കാറുള്ളത്. എല്ലാ ദിവസവും വ്യായാമം ചെയ്യും. ആരോഗ്യകരമായ ഭക്ഷണക്രമത്തിന് മുൻഗണന നല്‍കുന്നത്. എല്ലാ ദിവസവും ചില സ്‌പോർട്സ് കളിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു. സജീവമായ ഒരു ജീവിതശൈലിയാണ് ഞാൻ പിന്തുടരുന്നത്. ആഴ്ചയില്‍ കുറഞ്ഞത് നാല് തവണയെങ്കിലും ഏതെങ്കിലും തരത്തിലുള്ള കഠിനമായ ശാരീരിക പ്രവർത്തനങ്ങള്‍ ചെയ്യാൻ ശ്രമിക്കും. വീട്ടില്‍ പാകം ചെയ്ത ആരോഗ്യകരമായ ഭക്ഷണം മാത്രമേ ഞാൻ കഴിക്കാറുള്ളൂ, ജീവിതത്തില്‍ എപ്പോഴും സമാധാനപരമായിരിക്കാൻ പരമാവധി ശ്രമിക്കുന്നു. എല്ലാ ദിവസവും ഒന്നര മണിക്കൂർ വ്യായാമം ചെയ്യാറുണ്ട്. പ്രധാനമായും ശരീരഭാരം കുറയ്ക്കുന്ന വ്യായാമങ്ങളിളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളതെന്നും നടൻ പറഞ്ഞു.
നിങ്ങളുടെ ഫിറ്റ്നസ് 80 ശതമാനവും നിങ്ങളുടെ ഭക്ഷണക്രമത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും നടൻ വ്യക്തമാക്കി. ശരീര ഭാരം കൂടുന്നതും കുറയുന്നതും നിങ്ങള്‍ എന്താണ് കഴിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം വളരെ പ്രധാനമാണ്. അതിനാല്‍, ഞാൻ എന്റെ ഭക്ഷണക്രമത്തില്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ചില അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാറുണ്ട്. തീർച്ചയായും, എല്ലാ ഞായറാഴ്ചയും ഡയറ്റൊക്കെ മാറ്റിനിർത്തി എനിക്ക് ഇഷ്ടമുള്ളത് കഴിക്കാറുണ്ട്. പക്ഷേ, അതൊരിക്കലും അതിരുകടന്നുപോകുന്നില്ലെന്ന് ഉറപ്പാക്കാറുണ്ടെന്നും നടൻ അഭിപ്രായപ്പെട്ടു.
കഫീൻ, മദ്യം, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, റെഡ് മൂറ്റ്, ഗോതമ്പ്, പ്രോട്ടീൻ ഷേക്കുകള്‍ എന്നിവ രാം ചരണ്‍ ഒഴിവാക്കാറുണ്ട്. മുട്ടയുടെ വെള്ളയും ഓട്‌സും ബദാം മില്‍ക്കും കഴിച്ചാണ് നടന്റെ ദിവസം തുടങ്ങുന്നത്. ഉച്ചയ്ക്ക് മുൻപായുള്ള ലഘുഭക്ഷണമായി വെജിറ്റബിള്‍ സൂപ്പ് കുടിക്കും. ചിക്കൻ ബ്രെസ്റ്റ്, ബ്രൗണ്‍ റൈസ്, ഗ്രീൻ വെജിറ്റബിള്‍ കറി എന്നിവയാണ് ഉച്ചഭക്ഷണമായി കഴിക്കുക. വൈകുന്നേരത്തെ ലഘുഭക്ഷണത്തിന് ഗ്രില്‍ ചെയ്ത മത്സ്യം, മധുരക്കിഴങ്ങ്, ഗ്രില്‍ ചെയ്ത പച്ചക്കറികള്‍ എന്നിവയാണ് നടന് ഇഷ്ടം. വൈകുന്നേരം 6 മണിക്ക് അത്താഴത്തിന് മിക്സഡ് ഗ്രീൻ സാലഡും കുറച്ച് അവോക്കാഡോയും കഴിക്കും.
