കനത്ത മഴ തുടരും: നാളെയും അവധി: രണ്ട് ജില്ലകളില്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ കോളേജുകളടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലും വയനാട് ജില്ലയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം വയനാട് ജില്ലയില്‍ കാലവർഷം ശക്തമായ സാഹചര്യത്തില്‍ ട്യൂഷൻ സെന്ററുകള്‍ക്കും അങ്കണവാടികള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. എം.ആർ.എസ് സ്കൂളുകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.