കോട്ടയം: നഴ്സിങ് കോളേജിൽ നടന്ന റാഗിങ്ങ് അതിക്രൂരമെന്ന് കുറ്റപത്രം. ആതുരസേവന രംഗത്ത് മാതൃകയാകേണ്ടവരാണ് പ്രതികളായവരെന്നും അവർ നടത്തിയത് കൊടിയ പീഡനമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണ സംഘം കുറ്റപത്രം ഏറ്റുമാനൂർ കോടതിയിൽ സമർപ്പിച്ചു. അതിവേഗമാണ് കുറ്റപത്രം നൽകുന്നത്. ഇതിലൂടെ പ്രതികൾക്ക് ജാമ്യം കിട്ടാനുള്ള സാധ്യത കൂടിയാണ് അടയുന്നത്.
വിചാരണയും ഉടൻ തുടങ്ങിയേക്കും. ആവശ്യമെങ്കിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറേയും നിയമിക്കും. സിപിഎം അനുകൂല വിദ്യാർത്ഥി സംഘടനയിൽ പെട്ടവരാണ് പ്രതികൾ. എന്നിട്ടും പോലീസ് അതിവേഗം കാര്യങ്ങൾ നീക്കി.
വേദനകൊണ്ട് വിദ്യാർത്ഥികൾ പുളയുമ്പോൾ പ്രതികൾ അതിൽ ആനന്ദം കണ്ടെത്തിയെന്നും ഇരകളായവരിൽ നിന്ന് മദ്യപിക്കാനായി നിരന്തരം പ്രതികൾ പണം ആവശ്യപ്പെട്ടിരുന്നു എന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. കോളേജിൽ പ്രവേശന സമയത്ത് വിദ്യാർഥികൾ നൽകിയ ആന്റി റാഗിങ്ങുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിന്റെ ലംഘനമാണ് കൊടിയ പീഡനമെന്നും പ്രതികൾ കഴിഞ്ഞ നവംബർ മാസം മുതൽ റാഗിങ് നടത്തിയെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വിദ്യാർത്ഥികൾ മാത്രമാണ് പ്രതികൾ. മുമ്പും റാഗിങ് നടത്തിയിട്ടുണ്ടെങ്കിലും ഹോസ്റ്റൽ വാർഡൻ അടക്കം മറ്റാരും അത് അറിഞ്ഞിരുന്നില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയും പൊലീസ് നടത്തിയിരുന്നു. ഇതും നിർണ്ണായക തെളിവായി മാറും.
പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. സീനിയർ വിദ്യാർത്ഥികളായ സാമുവൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവരാണ് പ്രതികൾ. നവംബർ മുതൽ നാല് മാസമാണ് ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി ഉപദ്രവിച്ചത്. പ്രതികൾ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്നും ലഹരി ഉപയോഗത്തിന് ഇരകളായ വിദ്യാർത്ഥികളിൽ നിന്ന് പണം പിരിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഒരു വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസിൽ നിർണായക തെളിവായത്. പ്രതികൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. കൂടാതെ പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നും റാഗിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ കിട്ടി. കേസിൽ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്. കുറ്റപത്രം സമർപ്പിക്കുന്നതോടെ കേസ് വിചാരണയിലേക്ക് കടക്കും.
ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേൽപ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പൽ അമർത്തിയെന്നുമുള്ള കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്. സീനിയർ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളെ കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ടായിരുന്നു. കുട്ടികളുടെ ശരീരത്തിൽ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവിൽ ബോഡി ലോഷൻ ഒഴിച്ച് കൂടുതൽ വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.
സ്വകാര്യ ഭാഗത്ത് ഡമ്പൽ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികൾ അലറിക്കരയുമ്പോൾ അക്രമികൾ അത് ആസ്വദിച്ച് ചിരിക്കുന്നതും വീഡിയോയിൽ കാണാം. നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട്. അക്രമികളായ വിദ്യാർത്ഥികളെ ഫെബ്രുവരി പതിനൊന്നിന് രാത്രിയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പന്ത്രണ്ടാം തീയതി അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് കോട്ടയം എസ് പി ഷാഹുൽ ഹമീദ് പറഞ്ഞു.
