തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ ഡല്‍ഹിയിലേക്ക് യാത്രതിരിച്ച തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലർമാരുടെ സംഘത്തിനൊപ്പം പോകാത്തതില്‍ വിശദീകരണവുമായി ആർ ശ്രീലേഖ.
ഈ പ്രായത്തില്‍ ഇത്രയും വലിയ ഒരു യാത്ര കേരള എക്സ്പ്രസില്‍ നടത്താൻ തനിക്ക് പ്രയാസമാണെന്ന് ശ്രീലേഖ വ്യക്തമാക്കി. തന്റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
‘തിരുവനന്തപുരം കോർപ്പറേഷനില്‍ ഒരു ചരിത്രവിജയമാണ് നേടിയത്. 45 വർഷത്തിന് ശേഷം ബിജെപിയുടെ നേതൃത്വത്തില്‍ ഒരു ഭരണം വന്നു. ഈ സമയത്താണ് കൗണ്‍സിലർമാരില്‍ കുറച്ചുപേർക്ക് ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കാൻ ക്ഷണം വരുന്നത്. കേരള എക്‌സ്‌പ്രസില്‍ കയറി ഡല്‍ഹിയിലേക്ക് പോകുന്നു. എല്ലാ സ്ഥലത്തുനിന്നും സ്വീകരണം വാങ്ങുന്നു. രണ്ടുദിവസം നില്‍ക്കുന്നു. 13-ാം തീയതി രാത്രി ഡല്‍ഹിയില്‍ നിന്ന് തിരിക്കുന്നു. 14 പേരാണ് പോകാൻ തീരുമാനിച്ചത്.
ഇത്രയും വലിയ യാത്ര ഈ പ്രായത്തില്‍ നടത്താൻ പ്രയാസമാണെന്ന് ഞാൻ പറഞ്ഞു. വിമാനടിക്കറ്റ് എടുത്തുതരാമെന്ന് പറഞ്ഞതാണ്. ഞാൻ വേണ്ടെന്ന് പറഞ്ഞു. എനിക്ക് പണം അനാവശ്യമായി ചെലവാക്കുന്നത് ഇഷ്ടമല്ല. വീട്ടില്‍ പ്രായമായ അമ്മയുണ്ട്. അഞ്ചുദിവസം വീട്ടില്‍ നിന്ന് മാറിനില്‍ക്കാൻ കഴിയില്ല. ഒപ്പം കൗണ്‍സിലറുടെ ജോലികളുമുണ്ട്. അതിനാലാണ് യാത്രയില്‍ പങ്കെടുക്കാത്തത്. അല്ലാതെ പ്രതിഷേധം കൊണ്ടോ ആരോടെങ്കിലുമുള്ള അനിഷ്ടം കൊണ്ടോ അല്ല’- ശ്രീലേഖ വ്യക്തമാക്കി.
