കേസില്‍ കുടുക്കുമെന്ന ഭീഷണിയില്‍ പൊലീസുകാര്‍ അപഹരിച്ചത് 22 ലക്ഷം; ക്വാറി ഉടമയെ ഭീഷണിപ്പെടുത്തിയ പരാതിയില്‍ മലപ്പുറം എസ് പി നടത്തിയത് അതിവേഗ ഇടപെടല്‍; കുടുങ്ങിയത് വളാഞ്ചേരി സിഐയും എസ് ഐയും; ഇൻസ്‌പെക്ടര്‍ സുനില്‍ദാസ് ഒളിവില്‍; എസ് ഐ ബിന്ദുലാല്‍ കസ്റ്റഡിയില്‍

മലപ്പുറം: ക്വാറി ഉടമയെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസും പൊലീസ് സേനയ്ക്ക് നാണക്കേട്.

ക്വാറി ഉടമയില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്നാണ് പരാതി. മലപ്പുറം വളാഞ്ചേരിയില്‍ എസ് എച്ച്‌ ഒയും എസ് ഐയും ചേർന്നു 18 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.

നാലു ലക്ഷം ഇടനിലക്കാരനും കൊണ്ടു പോയി. വളാഞ്ചേരി എസ് എച്ച്‌ ഒ സുനില്‍ ദാസ്, എസ് ഐ ബിന്ദുലാല്‍ എന്നിവർക്ക് എതിരെ തിരൂർ ഡി വൈ എസ് പി കേസ് എടുത്തു. സുനില്‍ ദാസിനെതിരെ നേരത്തെയും പരാതികള്‍ ഉയർന്നിരുന്നു. പക്ഷേ കൃത്യമായ നടപടികള്‍ ഉണ്ടായിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ കിട്ടിയ പരാതിയില്‍ അതിവേഗം നടപടികളിലേക്ക് മലപ്പുറം പൊലീസ് സൂപ്രണ്ട് കടക്കുകയായിരുന്നു. തിരൂരിലെ നിസാറാണ് പരാതിക്കാരൻ.

ഇടനിലക്കാരനായി പ്രവർത്തിച്ച ഹസൈനാർക്കെതിരെയും കേസെടുത്തു. നിസാറിനേയും പാർട്ണർമാരേയും കേസില്‍ പ്രതിയാക്കുമെന്നായിരന്നു ഭീഷണി.

അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യിപ്പിക്കുമെന്നും ഭൂഉടമകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്നാണ് ആരോപണം. സിഐ പത്തു ലക്ഷവും എസ് ഐ എട്ടു ലക്ഷവും കൈക്കലാക്കിയെന്നാണ് എഫ് ഐ ആർ. മൂന്നാം പ്രതിക്ക് നാലു ലക്ഷവും കിട്ടി. ആകെ 22 ലക്ഷമാണ് പ്രതികള്‍ ചേർന്ന് അപഹരിച്ചതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.

സിഐ പ്രതിയായതിനാല്‍ ഡിവൈഎഫ് ഐ നേരിട്ടാണ് കേസെടുത്തത്. 29നാണ് സംഭവം നടന്നതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ഇന്ന് രാവിലെ പരാതി ലഭിച്ചു. എട്ടരയ്ക്ക് പരാതി കിട്ടിയതിനെ തുടർന്ന് പത്തരയോടെ കേസ് രജിസ്റ്റർ ചെയ്തു.