അമിത വിശപ്പിനെ തടയാൻ സഹായിക്കുന്ന ഹെല്‍ത്തി ഫുഡ്; എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാം കോളിഫ്ലവര്‍ ബദാം റൈസ് സാലഡ്; റെസിപ്പി ഇതാ

കോട്ടയം: ആരോഗ്യവും രുചിയും ഒരുമിച്ചുള്ള ഭക്ഷണത്തിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ കഴിയും. അതിനുള്ള ഒരു മികച്ച ഉദാഹരണം ആണ് കോളിഫ്ലവർ ബദാം റൈസ് സാലഡ്.

പോഷകസമൃദ്ധവും, എളുപ്പത്തില്‍ 30 മിനിറ്റില്‍ തയ്യാറാക്കാവുന്നതും, അമിത വിശപ്പിനെ നിയന്ത്രിച്ച്‌ വയർ നിറയ്ക്കുന്ന സാലഡാണ് ഇത്.

ചേരുവകള്‍

ബദാം – 1 കപ്പ്

കോളിഫ്ലവർ – 2 കപ്പ്

ഒലിവ് ഓയില്‍ – 2 ടേബിള്‍സ്പൂണ്‍

മല്ലിയില – 1 ടേബിള്‍സ്പൂണ്‍

ഇഞ്ചി – 1 ടീസ്പൂണ്‍

പച്ചമുളക് – 1 ടീസ്പൂണ്‍

ജീരകം – 1/2 ടീസ്പൂണ്‍

കുരുമുളക് – 1/2 ടീസ്പൂണ്‍

നാരങ്ങ നീര് – 2 മില്ലി

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ ചൂടാക്കി ബദാം വറുക്കുക. ശേഷം തണുപ്പിച്ച്‌ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. അതേ പാനില്‍ ഒലിവ് ഓയില്‍ ഒഴിച്ച്‌ ജീരകം പൊട്ടിക്കുക. ഇഞ്ചി, പച്ചമുളക് ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് വഴറ്റുക. കോളിഫ്ലവർ ചെറിയ കഷ്ണങ്ങളാക്കി മിക്സറില്‍ അരച്ചു എടുക്കുക. ഇഞ്ചി-പച്ചമുളക് വഴറ്റിയതിലേയ്ക്ക് കോളിഫ്ലവർ ചേർത്ത് വേവിക്കുക. വേവിച്ച കോളിഫ്ലവർ അടുപ്പില്‍ നിന്നും മാറ്റി, നാരങ്ങ നീരും, മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് സ്വാദനുസരിച്ച്‌ ക്രമീകരിക്കുക. അവസാനം വറുത്ത ബദാം ചേർത്ത് വിളമ്പുക.

പോഷകസമൃദ്ധമായ ഈ കോളിഫ്ലവർ ബദാം സാലഡ്, ആരോഗ്യകരമായ ഒരു ഭക്ഷണമെന്ന നിലയില്‍ ശരീരഭാരം നിയന്ത്രിക്കാനും രുചികരമായ ഭക്ഷണത്തിന്റെ അനുഭവം നല്‍കാനും സഹായിക്കുന്നു.