കോട്ടയം കിടങ്ങൂരില്‍ മാര്‍വാടിയെ ബസിനുള്ളില്‍ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച്‌ ആക്രമിച്ച് പണം കവര്‍ന്ന കേസ്; പള്‍സര്‍ സുനി അടക്കം ഒൻപത് പ്രതികളെ വെറുതെ വിട്ട് കോടതി

കോട്ടയം: കിടങ്ങൂരില്‍ മാർവാടിയെ ബസിനുള്ളില്‍ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച്‌ ആക്രമിച്ചു ഏഴു ലക്ഷത്തോളം രൂപ കവർന്ന കേസില്‍ ഒൻപത് പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ച്‌ കോടതി.

കേസിലെ പ്രതികളായ പള്‍സർ സുനി, ജെയിംസ് മോൻ ജേക്കബ് എന്ന അലോട്ടി, സജിത്ത് എന്ന ബുള്ളറ്റ് സജി, സുബൈർ, രഞ്ജിത്ത്, നിധിൻ ജോസഫ്, ജിതിൻ രാജു എന്ന അക്കു, ദിലീപ്, ടോം കെ.ജോസഫ് എന്ന കൊച്ചമ്മ എന്നിവരെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി നിക്‌സണ്‍ എം ജോസഫ് വിട്ടയച്ചത്.

2014 മെയ് ഒന്നിനു പട്ടാപ്പകല്‍ ബസിനുള്ളില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പാലായിലെ ഒരു ജ്വല്ലറിയില്‍ സ്വർണം നല്‍കിയ ശേഷം ലഭിച്ച പണം ബാഗിനുള്ളിലാക്കി ഏറ്റുമാനൂർ ഭാഗത്തേയ്ക്കു കെ.എസ്.ആർ .ടി.സി ബസില്‍ വരികയായിരുന്നു മാർവാടി. ബസ് കിടങ്ങൂരെത്തിയപ്പോള്‍ മാർവാടിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം ബാഗുമായി പ്രതി ജിതിൻ ബസില്‍ നിന്നും ഇറങ്ങിയോടിയതായാണ് പ്രോസിക്യൂഷൻ കേസ്.

കൃത്യമായി ആസൂത്രണം ചെയ്തത് അനുസരിച്ചു സുനി പള്‍സർ ബൈക്കിലും കൂട്ടാളികളായ നാലു പേർ കാറിലും ബസിനെ പിൻതുടരുന്നുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

മോഷണം നടത്തിയ ശേഷം ബാഗുമായി ഇറങ്ങി ഓടിയ ജിതിൻ സുനിയുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ജൂവലറിയിലെ ജീവനക്കാരെ വശത്താക്കി മാർവാടി വരുന്നതും പോകുന്നതുമായ സമയം കൃത്യമായി മനസിലാക്കിയ ശേഷമാണ് സുനി മോഷണം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണ് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചത്.

മാർവാടി പണം വാങ്ങിയശേഷം തിരികെ പോകുന്ന ദൃശ്യങ്ങള്‍ ജുവലറിയിലെ സി.സി. ടി.വിയില്‍ പതിഞ്ഞിരുന്നു. മാർവാടി പുറത്തേക്കിറങ്ങുന്ന സമയത്തു തന്നെ ജുവലറിയിലെ ഒരു ജീവനക്കാരൻ തിരക്കിട്ട് ഫോണ്‍വിളിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടർന്നു പോലീസ് നടത്തിയ അന്വേഷണം സുനിയിലേക്കും സംഘാംഗങ്ങളിലേക്കും എത്തി.

സാധാരണ ചൊവ്വാഴ്ചകളിലാണ് മാർവാടി പണം വാങ്ങാൻ എത്തിയിരുന്നത്.
പണവുമായി മാർവാടി ഇറങ്ങുമ്പോള്‍ വിവരം കൈമാറണമെന്നു ജൂവലറിയിലെ ജീവനക്കാരനെ സുനി ചട്ടം കെട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ വിവരം സുനിയെ ഫോണില്‍ വിളിച്ച്‌ അറിയിച്ചത്. ഇതിനു പ്രതിഫലമായി 20,000 രൂപ ലഭിച്ചുവെന്നും ഇയാള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ജൂവലറിയിലെ ജീവനക്കാർ ഉള്‍പ്പെടെ നാലു പേരെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കിട്ടിയ വിവരത്തെ തുടർന്നാണ് സുനി ഉള്‍പ്പെടെയുള്ള നാലു പേരെകൂടി പിടികൂടിയത്.
രണ്ടാം പ്രതിയായ പള്‍സർ സുനിയ്ക്കു വേണ്ടി അഡ്വ.ലിതിൻ തോമസ് , അഡ്വ.ജിഷ ബേബി, ജോർജ് ജോസഫ്, അഡ്വ.ലിബിൻ വർഗീസ്, എന്നിവർ കോടതിയില്‍ ഹാജരായി.