കോട്ടയത്ത് കാളവണ്ടിയുമായി വന്ന് കാളകളെ നടുറോഡിൽ കുളിപ്പിച്ച് സമരം ചെയ്ത് കർഷകർ; റോഡിലെ കുഴികൾ കാരണം ദിവസേന അപകടങ്ങൾ പതിവാണ്; പരാതി നൽകിയിട്ടും അധികാരികൾ നടപടി എടുക്കാത്തതിനെ തുടർന്നാണ് വേറിട്ട പ്രതിഷേധവുമായി കർഷകർ റോഡിൽ ഇറങ്ങിയത്

കോട്ടയം: റോഡിലെ കുഴിയടക്കാൻ വ്യത്യസ്ത സമരവുമായി കർഷകർ. കോട്ടയം ജില്ലയിലെ കീഴൂർ- ഞീഴൂർ റോഡിലാണ് വ്യത്യസ്‌ത സമരവുമായി കർഷകർ റോഡിലേയ്ക്ക് ഇറങ്ങിയത്.

കർഷകനായ പി.ടി. ചാക്കോയാണ് തന്റെ കാളവണ്ടിയുമായി വന്ന് കാളകളെ റോഡിൽ കുളിപ്പിച്ച് വ്യത്യസ്തമായ രീതിയിൽ സമരം ചെയ്തത്. റോഡിലെ വലിയ കുഴികൾ കാരണം കാളവണ്ടിക്ക് പോലും സഞ്ചരിക്കാൻ സാധിക്കുന്നില്ലെന്നാണ് ചാക്കോയുടെ വാദം.

ദിവസേന റോഡിൽ വാഹനാപകടങ്ങൾ പതിവാണ്. പല പ്രാവിശ്യം അധികാരികൾക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഇതുവരെയുണ്ടായില്ലെന്ന് കർഷകർ പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വേറിട്ട സമരവുമായി കർഷകർ റോഡിൽ ഇറങ്ങിയത്.