പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദർശനത്തിനെത്തി ; പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച്‌ ജനക്കൂട്ടം ; സന്ദര്‍ശനം പൂജാരിയുടെ കത്തിനെ മാനിച്ച്‌.

 

തൃശ്ശൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യയിലെ വളരെ പ്രസിദ്ധമായ ശ്രീരാമക്ഷേത്രം തൃപ്രയാര്‍ ക്ഷേത്രത്തിലും സന്ദര്‍ശനത്തിനെത്തി.

പാതയുടെ ഇരുവശത്തുമായി കാത്തുനിന്ന ജനക്കൂട്ടം പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെ തൃപ്രയാറിലും സ്വീകരിച്ചത്. ക്ഷേത്രത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടം രാവിലെ ആറു മണി മുതല്‍ മണിക്കൂറുകളോളമാണ് പ്രധാനമന്ത്രിയെ കാത്തു നിന്നത്.

സുരക്ഷയുടെ ഭാഗമായി രണ്ടു വശത്തും ബാരിക്കേഡുകള്‍ കെട്ടിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചിരുന്നത്. ഒരു മണിക്കൂറാണ് തൃപ്രയാര്‍ ക്ഷേത്രത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുക. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട്, രാമായണപാരായണം ശ്രവിക്കല്‍ എന്നിവയാണ് തൃപ്രയാര്‍ ക്ഷേത്രത്തില്‍ പ്രധാനമന്ത്രിയുടെ പ്രധാന പരിപാടി. 11.15 വരെ ഒരു മണിക്കൂര്‍ പ്രധാനമന്ത്രി ഇവിടെ ചെലവഴിക്കും. മീനുകള്‍ക്ക് ഭക്ഷണം നല്‍കുന്ന പ്രധാന വഴിപാടിന് പിന്നാലെ 21 കുട്ടികളുടെ രാമായണ പാരായണം ഇവിടെ നടക്കുന്നുണ്ട്. ഇതു ശ്രവിച്ച ശേഷമാകും മടങ്ങുക.