പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് പ്രീമിയം പെട്രോളിന് വിലവർധന; ഒറ്റയടിക്ക് കൂട്ടിയത് 11 രൂപ

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇപ്പോഴും സംഘർഷം രൂക്ഷമായി തന്നെ തുടരുകയാണ്. ഇതിനിടെ രാജ്യത്ത് ഇരുട്ടടിയായി പ്രീമിയം പെട്രോളിന് വില വർധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. എക്‌സ്ട്രാ ഗ്രീന്‍ പ്രീമിയം ഡീസലിന്റെ വില ലിറ്ററിന് 91.49 രൂപയില്‍ നിന്ന് 92.99 രൂപയായും ഐഒസി വര്‍ധിപ്പിച്ചു. വിമാന ഇന്ധനവിലയും ഇരട്ടിയിലേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ടിക്കറ്റ് നിരക്കുകളില്‍ പ്രതിഫലിക്കാനുള്ള സാധ്യതയേറെയാണ്. ഇന്ധനവില കിലോലിറ്ററിന് രണ്ട് ലക്ഷം രൂപ മറികടന്നു. 2.07ലക്ഷം രൂപയാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ കിലോലിറ്ററിന് 96,638 രൂപയായിരുന്ന വില ഇപ്പോള്‍ 2,07,342 രൂപയാണ്.

അതേ സമയം രാജ്യത്ത് വീണ്ടും പാചക വാതക വില വര്‍ധിച്ചു. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിച്ചത്. 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 195.50 രൂപയാണ് കൂട്ടിയത്. ഇതോടെ ഇന്ന് മുതല്‍ 19 കിലോയുടെ ഒരു എല്‍പിജി വാണിജ്യ ഗ്യാസിന്റെ വില 2,078 ആയി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷമാകുന്നതിനിടയിലാണ് ഇപ്പോഴത്തെ വില വര്‍ധന.