പ്രകൃതിദത്ത സൗന്ദര്യവർദ്ധക വസ്തു; ആന്റിഓക്‌സിഡന്റുകള്‍ക്കൊപ്പം ആന്റി വൈറല്‍, ആൻ്റി ബാക്ടീരിയല്‍ ഗുണങ്ങളും; കറ്റാര്‍വാഴ തഴച്ചുവളരാൻ ഇങ്ങനെ ചെയ്താല്‍ മതി

കോട്ടയം: പ്രകൃതിദത്ത സൗന്ദര്യവർദ്ധക വസ്തു എന്ന് പറയുമ്പോഴേ ഓർമ വരുന്ന ഒന്നാണ് കറ്റാർവാഴ.

ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ഇ എന്നീ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
കൂടാതെ ആന്റി വൈറല്‍, ആൻറി ബാക്ടീരിയല്‍ ഗുണങ്ങളും ഉണ്ട്. മുഖത്തെ കറുത്തപാടുകള്‍ അകറ്റുവാനും വരണ്ട ചർമ്മം മൃദുലമാക്കുവാനും വീട്ടുവളപ്പിലെ കറ്റാർവാഴ ജെല്‍ രൂപത്തില്‍ നാം ഉപയോഗിക്കാറുണ്ട്. മറ്റുചിലപ്പോള്‍ കേശ സംരക്ഷണ വസ്തുവായും കറ്റാർവാഴ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇവയ്ക്ക് പുറമെ കറ്റാർവാഴ ജ്യൂസായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് നല്ലതാണ്.

മെഡിക്കല്‍ വ്യവസായം, സൗന്ദര്യവർദ്ധക വ്യവസായം, ഭക്ഷ്യ വ്യവസായം തുടങ്ങി പല മേഖലകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഇവയ്ക്ക് മാർക്കെറ്റില്‍ ഉയർന്ന ഡിമാൻ്റാണുള്ളത്. ചൂടുള്ള ഉഷ്ണമേഖലാ വിളകളുടെ കീഴില്‍ വരുന്ന ഇവ ചൂടുള്ള കാലാവസ്ഥകളില്‍ പെട്ടെന്ന് വളരും. വരണ്ട പ്രദേശങ്ങളിലും മഴയുടെ ലഭ്യത കുറവുള്ള പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാവുന്നതാണ്. ദിവസം ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് കറ്റാര്‍വാഴ കൃഷിക്ക് അനുയോജ്യം. മണ്ണിൻ്റെ പിഎച്ച്‌ പരിധി 8.5 വരെ ഉള്ളിടത്ത് ഉല്‍പ്പാദിപ്പിക്കുന്നതാണ് നല്ലത്. തണുത്ത പ്രദേശങ്ങളില്‍ കറ്റാർ വാഴ വളർത്തുവാൻ കഴിയില്ല. ഏകദേശം 30 മുതല്‍ 50 സെൻ്റീമീറ്റര്‍ പൊക്കത്തില്‍ വരെ വളരുന്നചെടിയാണിത്. ചുവട്ടില്‍ നിന്നും ഉണ്ടാകുന്ന പുതിയ കിളിര്‍പ്പുകള്‍ നട്ടാണ് പുതിയ തൈകള്‍ കൃഷിചെയ്യുന്നത്. ചെടിക്ക് പതിവായി ജലസേചനം, ജൈവവളം എന്നിവ ആവശ്യമാണ്.

ജൈവ സ്രോതസ്സുകളുടെ ഉപയോഗം സസ്യസംരക്ഷണത്തിനുള്ള നല്ലൊരു മാർഗമാണ്. ഇവ നട്ടു പിടിപ്പിച്ച ശേഷം ആറാം മാസം മുതല്‍ വിളവെടുപ്പ് ആരംഭിക്കാം. ചെടികള്‍ തമ്മില്‍ ഒന്നരയടി അകലം കൊടുത്ത് നടുന്നതാണ് ഉത്തമം. ഉണങ്ങിപ്പൊടിഞ്ഞ ചാണകവളം ചെടിയൊന്നിന് രണ്ട് കിലോ ഗ്രാം അടിവളമായി നല്‍കുകയും ചെയ്യാവുന്നതാണ്. ഒരു ചെടിയില്‍ നിന്നും തുടര്‍ച്ചയായി മൂന്ന് വര്‍ഷം വരെ വിളവെടുക്കുന്നതിന് കഴിയും. ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും മണ്ണിര കമ്ബോസ്റ്റും മണ്ണില്‍ ചേർത്തിളക്കി ഒന്നരമാസത്തിലൊരിക്കല്‍ പരിചരിക്കുന്നത് ഗുണം ചെയ്യും. തോട്ടങ്ങളില്‍ ഇടവിളയായും നടാന്‍ കഴിയുന്ന ഇവ തെങ്ങിന്‍ തോട്ടത്തിലേക്കുള്ള ഒന്നാന്തരം ഇടവിളയായി കണക്കാക്കപ്പെടുന്നു. ഗ്രോ ബാഗുകളിലും അല്ലാതെയും നടാവുന്ന ഇവ മുറിക്കുളില്‍ പോലും വളരുന്നതാണ്. മുറിക്കകത്തെ വായു ശുദ്ധീകരണത്തിനും കറ്റാർവാഴ സഹായകമാകും. അധികം പരിചരണം ഇല്ലാതെ താനെ വളരുന്ന ഇവയ്ക്ക് കാര്യമായ കീടങ്ങളുടെ ആക്രമണ സാധ്യതയും കുറവാണ്. ഇലയുടെ അറ്റം ബ്രൗണ്‍ നിറത്തിലാകുന്നത് ആവശ്യമായ വെള്ളമില്ലാത്തതിൻ്റെ സൂചനയാണ്. വരള്‍ച്ചയെ ചെറുക്കുമെങ്കിലും തീരെ നനവ് നല്‍കാതിരുന്നാല്‍ ചെടി ഉണങ്ങി നശിച്ചുപോകും. നനവ് അധികമായാല്‍ കറുത്ത പുള്ളിക്കുത്തുകള്‍ വരുകയും ചെയ്യും. ഒക്‌ടോബർ-നവംബർ മാസമാണ് വിളവെടുപ്പിന് ഏറ്റവും അനുയോജ്യം. വിവിധതരം ചർമ്മപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ വീടുകളില്‍ തന്നെ സാധാരണയായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് ഇത്. ചെലവ് കുറഞ്ഞ കൃഷിയും ഉയർന്ന ലാഭം നല്‍കുന്നതുമായ ഒന്നാണ് കറ്റാർവാഴ കൃഷി.