സെപ്റ്റിക് ടാങ്ക് പൊട്ടി കൂത്താടികള്‍ പെരുകിയതായി കണ്ടെത്തൽ; പരിസരശുചിത്വം പാലിച്ചില്ല; പൊലീസ് സ്റ്റേഷന് 2000 രൂപ പിഴയിട്ട് പഞ്ചായത്ത്

ചാരുംമൂട്: പരിസരശുചിത്വം പാലിക്കാത്തതിനെത്തുടർന്ന് നൂറനാട് പൊലീസ് സ്റ്റേഷനെതിരെ കടുത്ത നടപടിയുമായി പാലമേല്‍ ഗ്രാമപഞ്ചായത്ത്.

സ്റ്റേഷൻ പരിസരം വൃത്തിഹീനമായി ഇട്ടതിനും കൊതുക് വളരാൻ സാഹചര്യമൊരുക്കിയതിനും പഞ്ചായത്ത് അധികൃതർ പൊലീസിന് 2000 രൂപ പിഴ ചുമത്തി.

കഴിഞ്ഞ മാസം 30-ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സ്റ്റേഷൻ വളപ്പിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച്‌ കൂത്താടികള്‍ പെരുകുന്ന നിലയിലായിരുന്നു.

കൂടാതെ, സ്റ്റേഷന് പിന്നില്‍ മാലിന്യം നിക്ഷേപിക്കാൻ സ്ഥാപിച്ചിട്ടുള്ള ടാങ്കില്‍ വെള്ളം കെട്ടിക്കിടന്ന് അഴുകി പ്രദേശത്താകെ രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായും അധികൃതർ കണ്ടെത്തി.