തൃശൂർ വാടാനപ്പള്ളിയിലെ കിറ്റ് വിവാദം; ഒടുവിൽ പൊലീസ് കേസെടുടുത്തു

തൃശൂര്‍ വാടാനപ്പള്ളിയിലെ കിറ്റ് വിതരണത്തില്‍ കേസെടുത്ത് പൊലീസ്. ഗോഡൗണ്‍ ഉടമയ്ക്കും ഓര്‍ഡര്‍ നല്‍കിയ വ്യക്തിക്കുമെതിരെയാണ് കേസ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാടാനപ്പള്ളി പൊലീസിന് പരാതി നല്‍കിയിരുന്നു. കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് എന്‍ഡിഎ പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ സംഘര്‍ഷമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ബിജെപി കിറ്റുകള്‍ വിതരണം ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആരോപണം. ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടിഎന്‍ പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. ആരോപണത്തില്‍ സത്യമില്ലാത്തത് കൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്. കേസ് എടുപ്പിക്കാന്‍ പറ്റുമെങ്കില്‍ എടുപ്പിക്കൂവെന്നും സുരേഷ്ഗോപി വെല്ലുവിളിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ചില ഉദ്യോഗസ്ഥരും പൊലീസിലെ ചില ഉദ്യോഗസ്ഥരും ബിജെപിക്ക് സഹായം നല്‍കുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ദേവനെ അറസ്റ്റ് ചെയ്യാതെ പോയതെന്നും, മണലൂര്‍ മണ്ഡലത്തില്‍ ബിജെപി വ്യാപകമായി പണം ഇറക്കുന്നു എന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ ആരോപിച്ചു. ബിജെപി വന്‍തോതില്‍ കേരളത്തിലേക്ക് കള്ളപ്പണമൊഴുക്കുന്നുവെന്ന് മുന്‍ എംഎല്‍എ വിഎസ് സുനില്‍കുമാറും പറഞ്ഞു.