കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും; ഡികെ ശിവകുമാർ

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. മുഖ്യമന്ത്രിയുടെ ജില്ലയാണ് കണ്ണൂർ. വലിയ സംരംഭങ്ങളൊന്നും കണ്ണൂരിലില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും വികസനമെത്തിയിട്ടില്ല. പിണറായി സർക്കാരിന് തുടർ ഭരണം കിട്ടിയത് സെൻ്റിമെൻസ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം. യുവാക്കൾ രാജ്യം വിടുന്നുവെന്നും അദ്ദേഹം വിമർശിച്ചു. കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള നയം കേരളത്തിലില്ല. നിക്ഷേപങ്ങൾ എത്തിക്കാനായില്ലെങ്കിൽ പിന്നെ എന്തിനാണ് ഭരണം എന്നും അദ്ദേഹം ചോദിച്ചു. മോദിയുമായി മുഖ്യമന്ത്രിക്ക് ഊഷ്മള ബന്ധമുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിൽ സിബിഐയും, ഇഡിയും ഇടപെടുമ്പോൾ കേരളത്തിൽ മാത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കൾക്ക് സംസ്ഥാനത്ത് തൊഴിൽ ചെയ്യുന്നതിനുള്ള സംരംഭങ്ങൾ എന്തുകൊണ്ട് ഒരുക്കി നൽകുന്നില്ല. എന്തുകൊണ്ട് നിക്ഷേപങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്നില്ല. കേരളത്തിലേക്ക് നിക്ഷേപങ്ങൾ മുഖ്യമന്ത്രിയോ മന്ത്രിമാരോ ക്ഷണിച്ചിട്ടുണ്ടോ എന്ന് താൻ തിരക്കിയെന്നും, എന്നാൽ ഒന്നുമില്ലെന്നായിരുന്നു മറുപടിയെന്നും അദ്ദേഹം പറഞ്ഞു. പത്തുവർഷത്തെ ഭരണം പരാജയം. വിലക്കയറ്റവും തൊഴിലില്ലായ്മയും ഏറ്റവും ഉയർന്ന നിലയിൽ. പ്രവാസികളിൽ ഭരണവിരുദ്ധ വികാരം. നാട്ടിലെത്തി യുഡിഎഫിന് വോട്ട് ചെയ്യാൻ ഇരിക്കുന്നു എന്നും ഡികെ ശിവകുമാർ ആരോപിച്ചു.