കല്പറ്റ: സീനിയർ സിവില്‍ പോലീസ് ഓഫീസർക്കുനേരേ ഇൻസ്പെക്ടർ ജാതിയധിക്ഷേപം നടത്തിയെന്ന് പരാതി. വൈത്തിരി എസ്.എച്ച്.ഒ.
എം. വിശ്വംഭരനെതിരെയാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട സീനിയർ സിവില്‍ പോലീസ് ഓഫീസർ പരാതി ഉന്നയിക്കുന്നത്. ‘വയനാടുജില്ലയിലെ പോലീസുകാർ ആദിവാസി താഴ്ന്നജാതിക്കാരുടെ കുത്തകയാണെന്നും ആ നിലയിലുള്ള സംസാരം ഇവിടെ വേണ്ടെന്നുമാണ്’ വിശ്വംഭരൻ ആദിവാസി വിഭാഗത്തില്‍പെട്ട പൊലീസുകാരനോട് പറഞ്ഞത്. കാട്ടുജാതിക്കാർ കാട്ടില്‍ ഡ്യൂട്ടിയെടുത്താല്‍ മതിയെന്നരീതിയില്‍ ഇൻസ്പെക്ടർ സംസാരിച്ചെന്നും ആരോപണമുണ്ട്. സംഭവത്തില്‍ കല്പറ്റ ഡിവൈ.എസ്.പി അന്വേഷണം തുടങ്ങി.
ഡിസംബർ ആറിനാണ് ആദിവാസി വിഭാഗത്തില്‍പെട്ട സീനിയർ സിവില്‍ പൊലീസുകാരനെതിരെ എം. വിശ്വംഭരൻ ജാതിയധിക്ഷേപം നടത്തിയത്. രാവിലെയുള്ള പരേഡിന്റെ സമയത്തെച്ചൊല്ലിയുള്ള സംഭാഷണങ്ങള്‍ക്കിടെയാണ് ഇൻസ്പെകർ സീനിയർ സി.പി.ഒ.യെ ജാതീയമായി അധിക്ഷേപിച്ചത്.
പിന്നാലെ മേലുദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്നാരോപിച്ച് മെമ്മോയും നല്‍കി. ഇതില്‍ സീനിയർ സിവില്‍ പോലീസ് ഓഫീസർ നല്‍കിയ മറുപടിയിലാണ് ജാതിയധിക്ഷേപം നടന്നെന്ന് ആരോപിക്കുന്നത്.
തെന്മലയിൽ ഹരിജൻ യുവാവിനെ സ്റ്റേഷന് വെളിയിൽ പൂട്ടിയിട്ടതിന് ഹൈക്കോടതിയുടെ വിമർശനം നിലനിൽക്കുകയാണ് ഇൻസ്പെക്ടർക്കെതിരെ മറ്റൊരു പരാതി
തൊട്ടടുത്ത രണ്ടുദിവസങ്ങളിലും ഇദ്ദേഹത്തെ വയനാട് ചുരത്തില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുകയുംചെയ്തു. കാട്ടുജാതിക്കാർ കാട്ടില്‍ ഡ്യൂട്ടിയെടുത്താല്‍ മതിയെന്നരീതിയില്‍ ഇൻസ്പെക്ടർ സംസാരിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ചും റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. വിഷയം വിവാദമായതോടെ കല്പറ്റ ഡിവൈ.എസ്.പി. ഇടപെട്ട് പോലീസുകാരനെ താത്കാലികമായി കല്പറ്റയിലെ ഡിവൈ.എസ്.പി. ഓഫീസില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചു.
കീഴുദ്യോഗസ്ഥരോട് ഇൻസ്പെക്ടർ മോശമായി ഇടപെടുന്നെന്ന് പോലീസുകാർക്കിടയില്‍ ആരോപണമുണ്ട്. എം. വിശ്വംഭരൻ വൈത്തിരിയില്‍ ചുമതലയെടുത്തതിനുശേഷം ഒൻപത് ഉദ്യോഗസ്ഥരാണ് മെഡിക്കല്‍ലീവില്‍ പോയത്. പോലീസുകാരൻ മെമ്മോയ്ക്ക് നല്‍കിയ മറുപടിയിലും ഇൻസ്പെക്ടർക്കെതിരേയുള്ള മറ്റു ആരോപണങ്ങളിലും ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വകുപ്പുതല അന്വേഷണം തുടങ്ങി.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായുളള സ്ഥലംമാറ്റങ്ങളുടെ ഭാഗമായാണ് ഇൻസ്പെക്ടർ എം. വിശ്വംഭരൻ വൈത്തിരിയിലേക്ക് സ്ഥലംമാറിവന്നത്.
ആദ്യത്തെ നാലുദിവസം വൈത്തിരി സ്റ്റേഷനോടു ചേർന്നുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പരിശീലനകേന്ദ്രത്തിലുള്ള മുറികളില്‍ താമസിച്ചു.
പിന്നാലെ ആഡംബര റിസോർട്ടായ വൈത്തിരി വില്ലേജ് റിസോർട്ടിലേക്ക് താമസംമാറ്റി. ദിവസം 9500 രൂപ വാടകവരുന്ന മുറിയിലാണ് താമസിക്കുന്നതെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. ദിവസവും ഇൻസ്പെക്ടർക്കുവേണ്ടി പോലീസ് ജീപ്പും റിസോർട്ടിലേക്ക് വരുന്നുണ്ട്.
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് വിശ്വംഭരൻ. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പച്ചക്കള്ളമാണെന്ന് ഇൻസ്പെക്ടർ പ്രതികരിച്ചു. ജാതിയധിക്ഷേപം നടത്തിയിട്ടില്ല. സീനിയർ സി.പി.ഒ തന്നോടാണ് മോശമായി പെരുമാറിയതെന്നും വിശ്വംഭരൻ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി ചുരുങ്ങിയ ദിവസങ്ങളിലേക്ക് വന്നതിനാലും വാടകവീടു ലഭിക്കാത്തതിനാലുമാണ് റിസോർട്ടില്‍ താമസിക്കുന്നതെന്നും വാടകത്തുക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
