കൊച്ചി നഗരത്തിൽ കുറ്റകൃത്യങ്ങൾ തടയാൻ പോലീസിന്റെ ശക്തമായ പരിശോധന; നഗരത്തിൽ മദ്യപിച്ചു വാഹനമോടിച്ചതിന് ശനിയാഴ്ച മാത്രം 372 കേസുകൾ .

സ്വന്തം ലേഖകൻ

കൊച്ചി: മയക്കുമരുന്ന് ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും മദ്യപിച്ചു വാഹനം ഓടിച്ചു ഉണ്ടാകുന്ന അപകടങ്ങള്‍ക്കെതിരെയും വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പിടികിട്ടാപ്പുള്ളികളായി കഴിയുന്നവര്‍ക്കെതിരെയും നടപടി ശക്തമാക്കുന്നതിന്‍റെ ഭാഗമായി നഗരത്തില്‍ പരിശോധന ശക്തമാക്കി പൊലീസ്.

പൊലീസ് കമീഷണര്‍ എ. അക്ബറിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ എസ്. ശശിധരന്റെ നേതൃത്വത്തില്‍ മട്ടാഞ്ചേരി, എറണാകുളം സെൻട്രല്‍, എറണാകുളം, തൃക്കാക്കര, ട്രാഫിക് അസി. പൊലീസ് കമീഷണര്‍മാരെ ഏകോപിപ്പിച്ച്‌ പൊലീസ് ഉദ്യോഗസ്ഥരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പരിശോധന.

ശനിയാഴ്ച നഗരത്തിലെ വിവിധ ഇടങ്ങളിലായി നടത്തിയ സ്പെഷല്‍ കോമ്ബിങ് ഓപറേഷനില്‍, മയക്കുമരുന്ന് വില്പനക്കും ഉപയോഗത്തിനുമെതിരെ 51 കേസും മദ്യപിച്ചു വാഹനം ഓടിച്ചതിന് 372 കേസും അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 77 കേസും രജിസ്റ്റര്‍ ചെയ്തു.

ഇതോടൊപ്പം പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതിന് 42 കേസും നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും വില്പനക്കുമെതിരെ 24 കേസും എടുത്തിട്ടുണ്ട്.

കൂടാതെ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞ ഒമ്ബത് പേരെയും പിടികൂടി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുന്ന്‌ കമീഷണര്‍ അറിയിച്ചു.