തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഇരുചക്ര വാഹന പാർക്കിങ്ങിലുണ്ടായ തീപിടിത്തം ഗുരുതര വീഴ്ചയെന്ന് പൊലീസ്. റെയിൽവേ ലൈനിൽ നിന്നും തീപ്പൊരി വീണ് തീ പടർന്നെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ പറഞ്ഞു. തീപിടിത്തമുണ്ടായ സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റു ദുരൂഹതകൾ ഈ ഘട്ടത്തിൽ സംശയിക്കുന്നില്ലെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
തീപിടിത്തത്തിൽ അറുന്നൂറിലധികം ബൈക്കുകളാണ് കത്തിനശിച്ചത്. പൊലീസിനോട് അടിയന്തര റിപ്പോർട്ട് തേടിയെന്ന് സ്ഥലത്ത് എത്തിയ മന്ത്രി കെ രാജൻ പറഞ്ഞു. സംഭവത്തിൽ റെയിൽവേ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. പാർക്ക് ചെയ്തിരുന്ന ഒരു ഇരുചക്ര വാഹനത്തിൽ നിന്ന് മറ്റു വാഹനങ്ങളിലേക്ക് തീ പിടിച്ചതാകാമെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടമുണ്ടായപ്പോൾ തന്നെ ആളപായം ഒഴിവാക്കാൻ നടപടി സ്വീകരിച്ചെന്നും റെയിൽവേ വ്യക്തമാക്കി.
ഹെവി ലോഡ് ഇലക്ട്രിക് ലൈനിന് നേരെ താഴെയായി, മെറ്റൽ ഷീറ്റ് കവർ ഉപയോഗിച്ച് പാർക്കിംഗ് ഷെഡ് നിർമ്മിച്ചതും, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതിരുന്നതുമാണ് അപകടത്തിന് വഴിവെച്ചത്. പണമടച്ച് സേവനം ഉപയോഗിക്കുന്ന യാത്രക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് റെയിൽവേയുടെ നിയമപരവും നൈതികവുമായ ബാധ്യതയാണ്. വാഹനങ്ങൾ കത്തി നശിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്കും കരാറുകാരർക്കും കൈയൊഴിയാൻ ഒരിക്കലും കഴിയില്ലെന്ന് കൊടുക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
