പോക്സോ കേസില്‍ ശിക്ഷാനിരക്ക് വര്‍ധിപ്പിക്കാൻ ശുപാര്‍ശ; ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി

തിരുവനന്തപുരം: പോക്സോ കേസുകളില്‍ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ. ഡി. ജി. പി. സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായിസംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്കും ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്കും അയച്ചു.

പോക്സോ കേസുകളില്‍ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യത്തില്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കമ്മീഷൻ ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥിന്റെ നടപടി.

പോക്സോ കേസുകളില്‍ ശിക്ഷാ നിരക്ക് കുറയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ഇവയാണ്.

* വിചാരണ വേളയില്‍ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നു.

* അതിജീവിതയും ബന്ധുക്കളും കോടതിക്ക് പുറത്ത് പ്രതിയില്‍ നിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് തീര്‍പ്പാക്കുന്നു.

* കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാൻ കാല താമസമുണ്ടാകുന്നു

* പ്രതിക്കെതിരെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നു.

* മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അന്വേഷണ വേളയിലും വിചാരണ വേളയിലും മേല്‍നോട്ടത്തില്‍ വീഴ്ച സംഭവിക്കുന്നു.