പ്ലാസ്റ്റിക്ക് ഇല്ലേയില്ല ; സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിക്കാനുള്ള നടപടികള്‍ തുടങ്ങി.

കൊല്ലം:വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍കൊണ്ട് ക്രിയേറ്റീവ് ഉത്പന്നങ്ങളുണ്ടാക്കാനാണ് തീരുമാനം.ഹരിത ക‍ര്‍മ സേനയുടേയും വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തിലാണ് കലോത്സവ നഗരി പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നത്.

ഒന്നര പതിറ്റാണ്ടിനിപ്പുറം വീണ്ടുമെത്തുന്ന കൗമാര കലാമേള, ഹരിത പ്രോട്ടോകോള്‍ പ്രകാരം സ്വീകരിക്കുകയാണ് കൊല്ലം. പൂര്‍ണമായും പ്ലാസ്റ്റിക്കിന് നിരോധനം. ഹരിത മേളയ്ക്ക് ആഹ്വാനം ചെയ്ത് ഹരിത വിളംബര ജാഥയും നടത്തി.

ഓലകൊണ്ട് ഉണ്ടാക്കിയ വല്ലവും ഈറകുട്ടകളിലുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത് പ്രധാന വേദിയായ ആശ്രാമം മൈതാനത്തും മറ്റിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനം തുടങ്ങി. എല്ലാത്തിനും മുന്നില്‍ വിദ്യാര്‍ത്ഥികള്‍. മികച്ച പിന്തുണയുമായി കൊല്ലം കോര്‍പ്പറേഷനിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍. 1500 ഓളം വളണ്ടീയേഴ്സാണ് ക്ലീൻ ഡ്രൈവില്‍ പങ്കെടുക്കുന്നത്. കലോത്സവ വേദിയില്‍ ഉപയോഗിക്കാനുള്ള പേപ്പര്‍ ബാഗ്, പേന എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.

അതിനിടെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്ബൂതിരിക്ക് തന്നെയാണ്. കഴിഞ്ഞ തവണത്തെ നോണ്‍വെജ് വിവാദത്തെ തുടര്‍ന്ന് കലാമേളയില്‍ ഇനി ഭക്ഷണമൊരുക്കില്ലെന്ന് പഴയിടം പ്രഖ്യാപിച്ചിരുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്ബൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പാചകത്തിനുള്ള ടെൻഡറില്‍ പഴയിടം പങ്കെടുത്തത്.

താൻ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് പഴയിടം മോഹനൻ നമ്ബൂതിരി പ്രതികരിച്ചു. ജനുവരി 3 ന് കൊല്ലത്തെ കലോത്സവ കലവറയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ജനുവരി നാല് മുതല്‍ എട്ട് വരെയാണ് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുക. പന്തല്‍ നിര്‍മാണവും ഭക്ഷണ വിതരണത്തിനുള്ള ക്രമീകരണവും അവസാന ഘട്ടത്തിലാണ്. ചാമ്ബ്യന്മാര്‍ക്കുള്ള സ്വര്‍ണ്ണക്കപ്പ് ജനുവരി 2ന് കോഴിക്കോട് നിന്ന് പ്രയാണം തുടങ്ങും. കൊല്ലത്ത് നാലാമത്തെ തവണയാണ് കലോത്സവം നടക്കുന്നത്.