കോട്ടയം: ചെടികള്‍ക്ക് തോന്നുമ്പോഴെല്ലാം വെള്ളമൊഴിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍, അത് ചെടികള്‍ക്ക് ദോഷമാണ്. ചെടികള്‍ക്ക് വെള്ളമൊഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.
എന്തൊക്കെയാണ് അത്?
വൈകുന്നേരമോ, ഉച്ചയ്ക്ക് ശേഷമോ ചെടികള്‍ നനയ്ക്കുന്നതാണ് ചെടികള്‍ക്ക് നല്ലത് എന്ന് കരുതുന്നവർ ഒരുപാടുണ്ട്. എന്നാല്‍, ആ ധാരണ അത്ര ശരിയല്ല. രാവിലെയാണ് ചെടികള്‍ക്ക് വെള്ളമൊഴിക്കാൻ ഏറ്റവും നല്ല സമയം. രാവിലെ 6 മുതല്‍ 8 വരെയാണ് ചെടികള്‍ക്ക് നനയ്ക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഇത് ചൂട് കൂടി വരുന്നതിന് മുൻപ് തന്നെ വേരുകളെ വെള്ളം ആഗിരണം ചെയ്യാൻ അനുവദിക്കുന്നു. വൈകുന്നേരം വൈകിയൊക്കെയാണ് ചെടികള്‍ നനയ്ക്കുന്നതെങ്കില്‍ ഇലകള്‍ രാത്രി മുഴുവൻ നനഞ്ഞിരിക്കാം, ഇത് ഫംഗസ് ഇൻഫെക്ഷനും രോഗങ്ങള്‍ക്കും കാരണമായിത്തീർന്നേക്കാം.
ഉച്ചയ്ക്ക് വെള്ളം ഒഴിക്കുന്നതും ചെടികള്‍ക്ക് നല്ലതല്ല. ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയമായിരിക്കും ഇത്. ഈ സമയത്ത് ചെടികള്‍ നനയ്ക്കുമ്പോള്‍, വേരുകളില്‍ എത്തുന്നതിന് മുൻപ് തന്നെ വെള്ളം മിക്കവാറും ബാഷ്പീകരിക്കപ്പെടും. ഇതിനർത്ഥം, ചെടികള്‍ക്ക് വേണ്ട വെള്ളം കിട്ടുകയുമില്ല, വെള്ളം പാഴാവുകയും ചെയ്യും എന്നതാണ്.
അതുപോലെ തന്നെ മിക്കവരും ചെയ്യുന്ന കാര്യമാണ് ഒന്നുകില്‍ തീരെ വെള്ളം നല്‍കാതിരിക്കുക, അല്ലെങ്കില്‍ ഒരുപാട് വെള്ളമൊഴിക്കുക. ഇത് രണ്ടും തെറ്റാണ്. അമിതമായി വെള്ളം നല്‍കുന്നത് വേരുകള്‍ ചീയാൻ കാരണമാകും. അതുപോലെ കുറച്ച് വെള്ളം നല്‍കുന്നത് ചെടികള്‍ ഉണങ്ങിപ്പോകാനും കാരണമാകും. ഇത് രണ്ടും ശ്രദ്ധിക്കണം. ഓരോ ചെടിക്കും അതിന് ആവശ്യമായ വെള്ളം മാത്രം നല്‍കുക.
ഇതൊക്കെ പോലെ തന്നെ പ്രാധാന്യമുണ്ട് എവിടെ ചെടി നടുന്നു. എങ്ങനെയുള്ള മണ്ണില്‍ ചെടി നടുന്നു എന്നതിനെല്ലാം. ഇതെല്ലാം നോക്കി നട്ടാല്‍ ചെടികള്‍ ആരോഗ്യത്തോടെയിരിക്കും.
