തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്കുമുന്നില്‍ ഈ നിലപാടാണ് ഊന്നിപ്പറഞ്ഞത്. വി.സിയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത് സര്‍ക്കാറിന് തിരിച്ചടിയല്ല. കാരണം, വി.സിയുടെ നിയമന ഉത്തരവില്‍ ഒപ്പിട്ടത് ഗവര്‍ണറാണ്. ബാഹ്യ ഇടപെടലുണ്ടായെങ്കില്‍ അതിന് വഴങ്ങിയ ഗവര്‍ണര്‍ തന്നെയാണ് ഉത്തരവാദി. ഇതാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മുന്നോട്ടുവെക്കുന്ന വാദം.
മുഖ്യമന്ത്രി നേരിട്ട് കണ്ടും വകുപ്പുമന്ത്രി കത്ത് നല്‍കിയും തന്നില്‍ സമ്മര്‍ദം ചെലുത്തി ഒപ്പിടുവിച്ചെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്കുമുന്നില്‍ പലകുറി പറഞ്ഞ ഇക്കാര്യം കോടതിയിലും ഏറ്റുപറഞ്ഞു. കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനത്തിനെതിരായ മറ്റെല്ലാ വാദങ്ങളും തള്ളിയ സുപ്രീംകോടതി പക്ഷേ, സര്‍ക്കാറിന്‍റെ സമ്മര്‍ദത്തിന് വഴങ്ങേണ്ടിവന്നെന്ന ഗവര്‍ണറുടെ ഏറ്റുപറച്ചില്‍ ഗൗരവത്തിലെടുത്തു. വി.സിയുടെ നിയമനം റദ്ദാക്കുന്നതിന് കാരണമായി സുപ്രീംകോടതി പറഞ്ഞത് അക്കാര്യമാണ്.
സര്‍ക്കാറിനെയല്ല, ഗവര്‍ണറെയാണ് സുപ്രീംകോടതി വിമര്‍ശിച്ചതെന്നാണ് ഭരണപക്ഷം മുന്നോട്ടുവെക്കുന്ന ന്യായം. എന്നാല്‍, സുപ്രീംകോടതി കുറ്റകരമെന്ന് കണ്ടെത്തിയ ബാഹ്യഇടപെടലുണ്ടായത് മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെ ഭാഗത്തുനിന്നാണെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തുമ്ബോള്‍ ധാര്‍മിക ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാറിന് ഒഴിയാനാകില്ല. മുഖ്യമന്ത്രി നേരിട്ട് കണ്ട് തന്‍റെ നാട്ടുകാരനെന്നു പറഞ്ഞ് ഗോപിനാഥ് രവീന്ദ്രന് വേണ്ടി സമ്മര്‍ദം ചെലുത്തിയെന്നാണ് ഗവര്‍ണറുടെ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രി അത് നിഷേധിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിന് തെളിവുമില്ല. എന്നാല്‍, സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാൻ വകുപ്പുമന്ത്രി ആര്‍. ബിന്ദു നല്‍കിയ കത്ത് സര്‍ക്കാര്‍ സമ്മര്‍ദത്തിന് തെളിവായി മുന്നിലുണ്ട്. പ്രോ-വി.സിയെന്ന നിലക്ക് മന്ത്രിക്ക് ഇത്തരമൊരു കത്തെഴുതാൻ അവകാശമില്ലെന്ന് സുപ്രീംകോടതി വിധിയില്‍ എടുത്തുപറയുന്നുണ്ട്. വി.സിയുടെ അഭാവത്തിലല്ലാതെ ഒരു അധികാരവും പ്രോ വി.സിയായ മന്ത്രിക്കില്ല. മന്ത്രി ഒരഭിപ്രായം പറയുകയാണുണ്ടായതെന്നാണ് ആര്‍. ബിന്ദുവിന്‍റെ കത്തിനെക്കുറിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി.
വ്യക്തമായ നിയമലംഘനമെന്ന് സുപ്രീംകോടതി കണ്ടെത്തിയ മന്ത്രിയുടെ കത്ത് കേവലം അഭിപ്രായപ്രകടനം മാത്രമെന്ന നിസ്സാരവത്കരണത്തിന് നിലനില്‍പില്ല. രാഷ്ട്രീയനേതൃത്വത്തിന് വഴങ്ങിയ ഗവര്‍ണര്‍ക്ക് പരമോന്നത കോടതിയില്‍നിന്ന് കിട്ടിയ പ്രഹരത്തിന്‍റെ പങ്ക് സംസ്ഥാന സര്‍ക്കാറിനുകൂടിയുള്ളതാണ്.
