ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരുക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങൾ പർവതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുക. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം പലയിടങ്ങളിലും ശക്തമാകുകയാണ്. എന്നാൽ ഇതാദ്യമായിട്ടാണ് അതിരുവിടുന്ന തരത്തിലേക്ക് പ്രതിഷേധം കൈവിട്ടുപോയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്കേറ്റത്. മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. നിലവിൽ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
