തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് പ്രാദേശിക തിരിച്ചടിമാത്രമാണ്; 110 സീറ്റെന്ന ആത്മവിശ്വാസം വെറുതേയല്ല, എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തും: പിണറായി വിജയൻ

തിരുവനന്തപുരം: മിഷൻ 110 സാധ്യമാണെന്നും ആത്മവിശ്വാസത്തിന് അടിസ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതല്‍ സീറ്റോടെ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്, പ്രാദേശിക തിരിച്ചടിമാത്രമാണ്.

പത്ത് വർഷം മുൻപുള്ള കേരളത്തിൻ്റെ അവസ്ഥ ജനങ്ങളുടെ മനസില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി കേരളം അനുഭവിക്കുന്നത് സർവതല വികസനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞങ്ങള്‍ക്ക് കനഗോലു ഇല്ല. ഞങ്ങളുടെ കനഗോലു ജനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവർഷവും അതിനുമുൻപുള്ള അവസ്ഥയും ജനങ്ങളെ സ്വാധീനിക്കുന്നതാണ്. ആ താരതമ്യം എല്‍ഡിഎഫിന്റെ ഗ്രാഫ് ഉയർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ഏറ്റവും കുറഞ്ഞ നാടെന്ന പ്രത്യേകത നമ്മുടെ നാട് നേടി.

ഏതെങ്കിലും ഒരു പോസ്റ്റില്‍ ആരെയെങ്കിലും നിയമിക്കാൻ കൈക്കൂലി കൊടുക്കേണ്ടതുണ്ടോ ഇക്കാലത്തെന്നു ചോദിച്ച മുഖ്യമന്ത്രി, ഈ സ്ഥിതിയില്‍ കാലത്തിന്റെ മാറ്റം മാത്രമല്ല എല്‍ഡിഎഫിനും പങ്കുണ്ടെന്ന് പറഞ്ഞു.

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ അല്‍ഭുതകരമായ മാറ്റങ്ങളാണ് ഉണ്ടായത്. 2016-ല്‍ അധികാരത്തില്‍ വരുമ്ബോള്‍ ആയിരത്തോളം സ്കൂളുകള്‍ അടച്ചു പൂട്ടാൻ നില്‍ക്കുകയായിരുന്നു. 2016-ന് മുമ്ബ് ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്ബോള്‍ പാഠപുസ്തകങ്ങള്‍ ഇല്ലാതെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊടുത്ത സ്ഥിതി ഉണ്ടായിരുന്നല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെ കരിവാരിത്തേയ്ക്കുന്ന വാർത്തകളിലും അമേരിക്കൻ ഭീകരതയെ സ്വാഭാവികവത്ക്കരിക്കുന്നതും അതേ രീതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കെതിരായ രാഷ്ട്രീയ ലക്ഷ്യമാണ് ഇത്തരം വാർത്തകള്‍ക്ക് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.