പാര്‍ലമെന്‍റ് സുരക്ഷാവീഴ്ചയില്‍ ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയില്‍ ; മുൻ ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ മകനും എൻജിനിയറുമായ സായ്കൃഷ്ണ ജഗലിയെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്.

 

ബംഗളൂരു : ബാഗല്‍കോട്ടിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യംചെയ്യലിനായി സായ്കൃഷ്ണയെ തലസ്ഥാനത്തെത്തിക്കും.

നേരത്തെ, പാര്‍ലമെന്‍റില്‍ അതിക്രമിച്ച്‌ കയറി പുകപടര്‍ത്തിയ സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ എൻജിനിയറിംഗ് ബിരുദധാരിയായ മനോരഞ്ജന്‍റെ സഹപാഠിയായിരുന്നു സായ്കൃഷ്ണ. പോലീസ് നടത്തിയ ചോദ്യംചെയ്യലിനിടെയാണ് മനോരഞ്ജൻ സായ്കൃഷ്ണയുടെ പേര് പറഞ്ഞത്.

സായ്കൃഷ്ണ നിരപരാധിയാണെന്ന് സഹോദരി സ്പന്ദന പറഞ്ഞു. സായ്കൃഷ്ണയും മനോരഞ്ജനും കോളജ് കാലഘട്ടത്തില്‍ ഒരു മുറിയിലായിരുന്നെങ്കിലും നിലവില്‍ സായ്കൃഷ്ണ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. അന്വേഷണത്തിനോട് പൂര്‍ണമായി സഹകരിക്കുമെന്നും സഹോദരി കൂട്ടിചേര്‍ത്തു.