കവര്‍ പൊട്ടിക്കുമ്പോള്‍ പൊടിയുന്നതും പൂപ്പല്‍ ബാധിച്ചതുമായ ഗുളികകള്‍; ഗുണനിലവാരമില്ലാത്തതിനാല്‍ പാരസെറ്റമോളിന്റെ പത്ത് ബാച്ചുകള്‍ക്ക് വിലക്ക്; പാന്റപ്രസോള്‍ ഗുളികയ്ക്കും വിലക്ക്

കോഴിക്കോട്: ഗുണനിലവാരമില്ലാത്തതെന്ന പരാതികളെ തുടര്‍ന്ന് പാരാസെറ്റമോളിന്റെ പത്ത് ബാച്ചുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

പാരസെറ്റമോളിന് പുറമേ പാന്റപ്രസോള്‍ ഗുളികയ്ക്കും വിലക്കേര്‍പ്പെടുത്തി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന പാരസെറ്റമോളിന്റെ പത്തു ബാച്ചിന്റെയും പാന്റപ്രസോളിന്റെ മൂന്ന് ബാച്ചിന്റെയും വിതരണമാണ് നിര്‍ത്തിവച്ചത്.

ഗുളികകള്‍ കവര്‍ പൊട്ടിക്കുമ്പോള്‍ പൊടിയുന്നതായും പൂപ്പല്‍ ബാധിച്ചതായും കണ്ടെത്തിയതോടെയാണു നടപടിഒരു ബാച്ചില്‍ അഞ്ചു ലക്ഷം ഗുളികകള്‍ ഉണ്ടാകുമെന്നതു കണക്കിലെടുക്കുമ്പോള്‍ 65 ലക്ഷം ഗുളികകളുടെ വിതരണമാണ് മരവിപ്പിച്ചിരിക്കുന്നത്.

വിവിധ ജില്ലകളിലെ ആശുപത്രികളില്‍ വിതരണത്തിനെത്തിച്ച പാരസെറ്റമോള്‍ അതാതു സംഭരണ കേന്ദ്രങ്ങളില്‍ തന്നെ സൂക്ഷിക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓരോ ബാച്ചിലെയും സാംപിളുകള്‍ നിലവാര പരിശോധനയ്ക്കായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ട്.

ഈ മരുന്നുകളുടെ പരിശോധനാ ഫലം ലഭിച്ചതിനു ശേഷം മാത്രമേ ഇവ വിതരണം ചെയ്യണോ എന്ന് തീരുമാനിക്കൂ. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനു സ്ഥിരം തലവേദനയാകുകയാണ് പാരസെറ്റമോള്‍ ഗുളികകള്‍. മുന്‍ വര്‍ഷങ്ങളിലും പാരസെറ്റമോള്‍ നിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ലെസാം, കെഎസ്ഡിപി, മെര്‍ക്കുറി, സിറോണ്‍, യുണിക്യുവര്‍ തുടങ്ങി വിവിധ കമ്പനികളെ വിലക്കുപട്ടികയില്‍ പെടുത്തിയിരുന്നു.

കെഎംഎസ്സി സംഭരണ, വിതരണ സംവിധാനത്തിലെ പോരായ്മകള്‍ നിലവാരത്തകര്‍ച്ചയ്ക്കു കാരണമാകുന്നുണ്ടെന്നാണു കമ്പനികളുടെ ആരോപണം.