വര്‍ഷങ്ങള്‍ നീണ്ട ആ ആവശ്യത്തിന് ഒടുവില്‍ പരിഹാരം; പമ്പയില്‍ സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്; പ്രസിഡൻ്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു

പത്തനംതിട്ട: പമ്പയില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷൻ സെൻറർ) തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

വർഷങ്ങള്‍ നീണ്ട ആവശ്യത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപമാണ് വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

ആയിരം സ്ക്വയർ ഫീറ്റില്‍ 50 സ്ത്രീകള്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന വിശ്രമ കേന്ദ്രമാണ് ഒരുക്കിയിരിക്കുന്നത്. ശീതീകരിച്ച ഫെസിലിറ്റേഷൻ സെൻററില്‍ റെസ്റ്റ് റും, ഫീഡിങ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഉള്‍പ്പെടുന്നു.

വനിതകള്‍ക്കായി പമ്പയില്‍ ഒരു വിശ്രമകേന്ദ്രം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതിനാണ് ഫെസിലിറ്റേഷൻ സെൻ്റർ യാഥാർത്ഥ്യമായതോടെ പരിഹാരമാവുന്നത്. തീർത്ഥാടകർക്ക് ഒപ്പം പമ്പയില്‍ എത്തുന്ന യുവതികള്‍ക്ക് സുഖമായും സുരക്ഷിതമായും വിശ്രമിക്കാൻ ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തനക്ഷമായതോടെ സാധിക്കും.