പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍..? ചേലക്കരയില്‍ രമ്യ ഹരിദാസിന് സാധ്യത; ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും; പട്ടിക ഹൈക്കമാന്റിന് കൈമാറി

കോഴിക്കോട്: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും.

പട്ടിക ഹൈക്കമാന്റിന് കൈമാറി. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാർഥിയായേക്കും. ചേലക്കരയില്‍ രമ്യ ഹരിദാസിനാണ് സാധ്യത. ഡല്‍ഹിയില്‍ നിന്ന് ഇന്ന് തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഷാഫി പറമ്പില്‍ എം.പിയും. ഈ പേര് നേതൃത്വം അംഗീകരിച്ചതായാണ് വിവരം.

അതേസമയം പി.സരിന്റെ പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പിന്മാറി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് മണ്ഡലത്തിലെ മുൻ എംഎല്‍എയായ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാലക്കാട് ഡിസിസിയില്‍ അതൃപ്തി ഉടലെടുക്കുകയായിരുന്നു.

പിന്നാലെ പ്രതിപക്ഷ നേതാവടക്കം രാഹുലിനെ പിന്തുണച്ചതോടെയാണ് പാലക്കാട് രാഹുലിന് കളമൊരുങ്ങുന്നത്. ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാശിയേറിയ തെരഞ്ഞെടുപ്പിനാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്.

മുൻ എം.പിയായ രമ്യ ഹരിദാസ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് മത്സരിക്കുകയും എല്‍ഡിഎഫിന്റെ കെ. രാധാകൃഷ്ണനോട് തോല്‍ക്കുകയും ചെയ്തിരുന്നു. കെ. രാധാകൃഷ്ണൻ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതിനു പിന്നാലെയാണ് ചേലക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.