സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെടുന്ന യുവാക്കളെ ക്യാരിയര്‍മാരാക്കി; ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; നഴ്സിങ് വിദ്യാര്‍ത്ഥിനിയായ കോട്ടയം പാലാ സ്വദേശിനി പിടിയില്‍

തിരുവനന്തപുരം: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയില്‍പ്പെട്ട വിദ്യാർത്ഥിനിയെ ബെംഗളൂരുവില്‍ നിന്നും പൊലീസ് പിടികൂടി.

പാലാ സ്വദേശി അനുവിനെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരത്തേക്ക് 32 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെയാണ് മുട്ടത്തറ സ്വദേശി ഗോപകുമാറിനെ ഫോർട്ട് പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടുന്നത്.

ഗോപകുമാറിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മലയാളികള്‍ ഉള്‍പ്പെടെ ഇടനിലക്കാരെ കുറിച്ച്‌ വിവരം ലഭിച്ചത്. ബെംഗളൂരുവില്‍ നഴ്സിംഗിന് പഠിക്കുന്ന പാലാ സ്വദേശി അനുവില്‍ നിന്നാണ് 32 ഗ്രാം എംഡിഎംഎ വാങ്ങിയതെന്ന് ഗോപകുമാർ മൊഴി നല്‍കി.

ഗോപകുമാറിനെയും കൊണ്ടാണ് പൊലീസ് ബെംഗളൂരുവിലേക്ക് പോയത്. വിവിധ സ്ഥലങ്ങളില്‍ പേയിങ് ഗസ്റ്റായി താമസിച്ചാണ് അനു ലഹരി കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. താമസ സ്ഥലം കണ്ടെത്തിയാണ് അനുവിനെ അറസ്റ്റ് ചെയ്തത്.

നഴ്സിംഗ് പഠനത്തിനായി ബെംഗളൂരുവിലേക്ക് പോയ അനു ലഹരി ഉപയോഗിക്കാൻ തുടങ്ങി. ലഹരി സംഘത്തിൻ്റെ കണ്ണിയായി മാറുകയും പിന്നീട് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ച്‌ ക്യാരിയർമാരാക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.