കോട്ടയം പാലായിൽ മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; നാല് പേർ അറസ്റ്റിൽ; പടിയിലായത് പൂവരണി, ളാലം സ്വദേശികൾ

കോട്ടയം: ഇരു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മറ്റക്കര അകലക്കുന്ന് ഭാഗത്ത് പുലിത്തിട്ടാതകിടിയിൽ വീട്ടിൽ രാജേഷ് പി.കെ (39), പൂവരണി കിഴതടിയൂർ ഭാഗത്ത് പടിഞ്ഞാറെ മുറിയിൽ വീട്ടിൽ ജിതിൻ (അക്കു34), ളാലം കരൂർ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷ് ഷാജി (33), ളാലം പോണാട് ഭാഗത്ത് പരുമല വീട്ടിൽ ജോജി ജോർജ് (33) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ആറാം തീയതി വൈകിട്ടോടുകൂടി പാലാ രാജധാനി ബാറിന് സമീപമുള്ള റിവർ വ്യൂ റോഡിൽ വച്ച് ബൈക്കിൽ എത്തിയ ഇവർ മീനച്ചിൽ സ്വദേശിയായ യുവാവിനെ ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവർ ആക്രമിച്ചു.

ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ ആക്രമിച്ചത്. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ജോജി ജോർജ്, ജിതിൻ എന്നിവർക്ക് കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ , എസ്.ഐ മാരായ ബിനു വി.എൽ, സിബിമോൻ, എ.എസ്.ഐ മാരായ ബിജു കെ തോമസ്,സുഭാഷ് വാസു, സ്വപ്ന കണാരൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.