സ്വന്തം ലേഖകൻ
ചെന്നൈ: ലോകകപ്പിൽ ഇന്ന് പാക്- ദക്ഷിണാഫ്രിക്ക പോരാട്ടം. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ടൂര്‍ണമെന്‍റിലെ തുടക്കം മികച്ചതാക്കിയ പാകിസ്താന് നിലവില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. അവസാന മത്സരത്തില്‍ അഫ്ഗാനിസ്താനോടേറ്റ പരാജയം പാകിസ്താൻ താരങ്ങളുടെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായായിരുന്നു ഏകദിനത്തില്‍ അഫ്ഗാനോട് ടീം പരാജയപ്പെടുന്നത്. താരങ്ങള്‍ സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കാത്തതാണ് പാകിസ്താന് തിരിച്ചടിയാകുന്നത്. സ്ഥിരത ഇല്ലായ്മയോടൊപ്പം ഫീല്‍ഡിങ്ങിലെ പിഴവും ടീമിന്‍റെ പരാജയത്തില്‍ മുഖ്യപങ്ക് വഹിക്കുന്നു. ബാബര്‍ അസമിന്‍റെ ക്യാപ്റ്റൻസിയില്‍ മുൻതാരങ്ങളടക്കം വിമര്‍ശനം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരത്തില്‍ നിന്ന് മികച്ച പ്രകടനമാണ് ആരാധകര്‍ ഇന്ന് പ്രതീക്ഷിക്കുന്നത്.
രണ്ട് വിജയങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായി മൂന്ന് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ടീം ഇന്നും കൂടി തോറ്റാല്‍ സെമിയിലേക്ക് യോഗ്യത നേടിയെടുക്കല്‍ ദുഷ്കരമാകും. നെതര്‍ലന്‍റ്സിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടത് ഒഴിച്ചാല്‍ തകര്‍പ്പൻ പ്രകടനമാണ് ടൂര്‍ണമെന്‍റില്‍ ഇതുവരെ ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. അഞ്ച് കളികളില്‍ നാലും വിജയയിക്കാനായി. നാല് കളികളിലും 100 റണ്‍സിന് മുകളിലുള്ള വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
ബാറ്റര്‍മാരുടെ കിടിലൻ പ്രകടനമാണ് മത്സരങ്ങള്‍ വിജയിക്കാൻ ടീമിന് സഹായകരമാകുന്നത്. ബാറ്റര്‍മാരോടൊപ്പം ബൗളര്‍മാരും സാഹചര്യത്തിനൊത്ത് ഉയരുന്നത് ടീമിന് കാര്യങ്ങള്‍ എളുപ്പമാകുന്നുണ്ട്. ഇന്നും കൂടി വിജിയിച്ച് സെമി ഉറപ്പിക്കലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.
