മാതൃഭൂമി ഡയറക്‌ടറും ചലച്ചിത്ര നിര്‍മ്മാതാവുമായ പി വി ഗംഗാധരൻ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ഡയറക്‌ടറും പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവുമായ പി വി ഗംഗാധരൻ (80)അന്തരിച്ചു .

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. കഴി‌ഞ്ഞ ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു.

ഒരു വടക്കൻ വീരഗാഥ, അങ്ങാടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്റെ അമ്മ, നോട്ട്‌ബുക്ക് അടക്കം നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മാതാവാണ്. ഗൃഹലക്ഷ്മിയുടെ ബാനറില്‍ ഇരുപതിലേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഹരിഹരന്റെ ‘സുജാത’യാണ് ആദ്യ സിനിമ.

വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍,കാണാക്കിനാവ്, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കെ എസ് യുവിലൂടെയാണ് അദ്ദേഹം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയത്. നിലവില്‍ എ ഐ സി സി അംഗമാണ്. 2011ല്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്ന് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

കെ ടി സി ഗ്രൂപ്പ് ഒഫ് കമ്ബനീസിന്റെ സ്ഥാപകൻ പി വി സാമിയുടെയും മാധവി സാമിയുടെയും മകനായി 1943ലാണ് പി വി ഗംഗാധരന്റെ ജനനം. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രൻ സഹോദരനാണ്. ഭാര്യ: ഷെറിൻ. മക്കള്‍: ഷെനുഗ, ഷെഗ്ന, ഷെര്‍ഗ. എസ്ക്യൂബ് സിനിമാസിന്റെ ഉടമകളാണിവര്‍. ജയതിലക്, വിജില്‍, സന്ദീപ് എന്നിവരാണ് മരുമക്കള്‍.