നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങി പി വി അൻവര്‍; തൃണമൂലില്‍ ചേരാന്‍ സ്വതന്ത്ര എംഎല്‍എ സ്ഥാനം തടസം; രാജിക്ക് സാധ്യത

ഇടുക്കി: നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍.

നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തും. പ്രധാനപ്പെട്ട വിഷയം അറിയിക്കാനുണ്ടെന്നാണ് പി വി അന്‍വര്‍ അറിയിച്ചിരിക്കുന്നത്.

എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിയും അൻവർ ആലോചിക്കുന്നതായി സൂചന. തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വാതന്ത്ര എംഎല്‍എ സ്ഥാനം തടസമാണെന്നാണ് വിവരം.

ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം സംബന്ധിച്ച വിവരം പങ്കുവെച്ചത്. നിലവില്‍ അന്‍വര്‍ കൊല്‍ക്കത്തയിലാണ്. എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന നിർണ്ണായക പ്രഖ്യാപനമാകും പി വി അൻവർ നാളെ നടത്തുകയെന്നാണ് വിവരം.

അയോഗ്യത മറികടക്കാനാണ് നീക്കമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. നിലവില്‍ ടിഎംസിയുടെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക.

ഒപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകള്‍ ഏകോപ്പിക്കാൻ എംപിമാരായ സുസ്മിത ദേവ്, മഹുവ മൊയ്ത്ര എന്നിവർക്ക് മമതാ ബാനർജി ചുമതല നല്‍കിയെന്നാണ് വിവരം. സ്വതന്ത്ര എംഎല്‍എയായ അൻവറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാർട്ടയില്‍ ചേർന്നാല്‍ അയോഗൃത പ്രശ്നമുണ്ട്. ഈ അയോഗ്യത മറി കടക്കാന്‍ രാജിയിലേക്ക് നീങ്ങുമെന്നാണ് സൂചന.