‘പിതാവിന്റെ രോഗാവസ്ഥ; കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കും’; പി പി ദിവ്യയുടെ ജാമ്യ ഹര്‍ജിയുടെ വിധി പകര്‍പ്പ് പുറത്ത്

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി പി ദിവ്യയുടെ ജാമ്യ ഹർജിയുടെ വിധി പകർപ്പ് പുറത്ത്.

സ്ത്രീ എന്ന പരിഗണന പ്രതിക്ക് നല്‍കുന്നതായി തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി വ്യക്തമാക്കി. കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കുമെന്നും വിധിപ്പകർപ്പില്‍ പറയുന്നു.

ദിവ്യയുടെ ആരോഗ്യസ്ഥിതിയും പരിഗണിക്കുന്നതായി കോടതി ജാമിയ ഉത്തരവില്‍ പറയുന്നു.
ജയിലിനല്ല ജാമ്യത്തിനാണ് ആദ്യ പരിഗണന. പിതാവിന്റെ രോഗാവസ്ഥയും പരിഗണിക്കുന്നതായി കോടതി.

പ്രതിക്കെതിരായ പൊതുവികാരം ജാമ്യം തടയുന്നതിന് മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. പിതാവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. പിപി ദിവ്യക്ക് ജാമ്യം ലഭിച്ചാലും കേസ് അട്ടിമറിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് കോടതി പറയുന്നു. പൊതുപ്രവർത്തകയായ പ്രതി ഇനി അന്വേഷണത്തോട് നിസഹകരിക്കുമെന്ന് കരുതാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.