‘സമാനതകള്‍ ഇല്ലാത്ത ഭാവാവിഷ്കാരം; കാല ദേശാതിര്‍ത്തികള്‍ ലംഘിച്ച ഗാന സപര്യക്ക് വിരാമം’; പി ജയചന്ദ്രന്‍റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കാല ദേശാതിർത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്ക് വിരാമമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പി ജയചന്ദ്രന്‍റെ വിയോഗത്തില്‍ വേദന പങ്കുവച്ച മുഖ്യമന്ത്രിയുടെ കുറിപ്പിലാണ് ഇങ്ങനെ പറഞ്ഞത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

സമാനതകള്‍ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരില്‍ നിന്ന് വേറിട്ട് നിർത്തിയതെന്നും പിണറായി കൂട്ടിച്ചേർത്തു.

പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രൻ വിട പറയുമ്പോള്‍, ആ സ്മരണകള്‍ക്കും ഗാനവീചികള്‍ക്കും മരണമില്ല എന്ന് തന്നെ പറയാനാവും. ജയചന്ദ്രന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അർപ്പിച്ച മുഖ്യമന്ത്രി, കുടുംബത്തെ ദുഃഖം അറിയിക്കുന്നുവെന്നും ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും വിവരിച്ചു.