രാഹുല്‍ ഗാന്ധിയുടെ പിഎ ചമഞ്ഞ് പറ്റിച്ചതത്രയും കോണ്‍ഗ്രസ് നേതാക്കളെ; പദവി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി ഒടുവിൽ പിടിയില്‍

ഡെറാഡൂണ്‍: ലോക്സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് മുൻ അധ്യക്ഷക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി ചമഞ്ഞ് കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ചയാളെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു.

അമൃത്സർ സ്വദേശിയായ ഗൗരവ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പ് ടിക്കറ്റുകളും പാർട്ടിയില്‍ പദവികളും വാഗ്ദാനം ചെയ്ത് രാജ്യത്തുടനീളമുള്ള നിരവധി നേതാക്കളെ വഞ്ചിച്ചതായി പൊലീസ് പറഞ്ഞു.

പാർട്ടിയില്‍ പദവി വാഗ്ദാനം ചെയ്ത് ഉത്തരാഖണ്ഡ് സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ഭാവന പാണ്ഡെയില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇയാള്‍ പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഭാവന പാണ്ഡെ നല്‍കിയ പരാതിയിലാണ് തട്ടിപ്പുകാരൻ പിടിയിലാകുന്നത്.

രാഹുല്‍ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിയായ കനിഷ്ക് സിംഗ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍, ഉത്തരാഖണ്ഡില്‍ പാർട്ടിയില്‍ സുപ്രധാന പദവി വാഗ്ദാനം ചെയ്ത് തന്നോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് ഭാവന പാണ്ഡെ പറയുന്നത്. വിശ്വാസം പിടിച്ചു പറ്റാൻ ഇയാള്‍ മുതിർന്ന നേതാക്കളുടെ ശബ്ദം അടക്കം ഫോണിലൂടെ അനുകരിച്ചും വലയിലായ നേതാക്കളെ പറ്റിച്ചിരുന്നു.

മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളില്‍ സമാനമായ രീതിയില്‍ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ 2003 മുതല്‍ 2015 വരെ രാഹുല്‍ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന കനിഷ്ക് സിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് ലഭിച്ചതായി പ്രതി വെളിപ്പെടുത്തി. തുടർന്ന് പ്രതി കനിഷ്ക് സിംഗിന്‍റെ പേരില്‍ ഒരു ട്രൂകോളർ ഐ ഡി നിർമ്മിച്ചു. രാജ്യത്തുടനീളമുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ശേഖരിച്ചു.

രണ്ടാംനിര നേതാക്കളെ ഉന്നമിട്ടാണ് ഇത്തരം തട്ടിപ്പ് നടത്തിയിരുന്നത്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.