കോട്ടയം: ജില്ലയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത് 18,705 വിദ്യാർത്ഥികൾ. പ്ലസ്‌ടു പരീക്ഷയെഴുതിയത് 20,910 വിദ്യാർത്ഥികൾ.
9,179 ആൺകുട്ടികളും 9,526 പെൺകുട്ടികളുമാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. പ്രത്യേക പരിഗണന ലഭിക്കേണ്ട 368 കുട്ടികളും പരീക്ഷയെഴുതി. കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളാണു ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത്.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്ലസ്ടു പരീക്ഷ എഴുതുന്നത് കോട്ടയം വിദ്യാഭ്യാസ ജില്ലയിലാണ്– 7,339, കടുത്തുരുത്തി – 3035, കാഞ്ഞിരപ്പള്ളി – 5175, പാലാ – 3131 വിദ്യാർത്ഥികൾ പരീക്ഷയെഴുതി.
ചൂട് പരിഗണിച്ച് ശുദ്ധജല ക്രമീകരണം ഒരുക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്കു നിർദേശം നൽകി. ലേബൽ പതിപ്പിക്കാത്ത കുപ്പികളിൽ ശുദ്ധജലം കൊണ്ടുവരുന്നതിനു കുട്ടികൾക്കു തടസ്സമില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പരീക്ഷാ ദിവസങ്ങളിൽ സ്കൂൾ പരിസരത്തു കർശനനിരീക്ഷണം ഉണ്ടാകുമെന്നു ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് അറിയിച്ചു. വിദ്യാർഥി സംഘർഷം ഒഴിവാക്കാനാണു നടപടി.
