ഒസ്മാന്‍ ഹാദി വധക്കേസിലെ പ്രതി ദുബായിൽ; ബംഗ്ലാദേശ് പൊലീസ് അവകാശപ്പെട്ടത് ഇന്ത്യയിലേക്ക് കടന്നെന്ന്

ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ കരീം മസൂദ് യുഎഇയില്‍. ബംഗ്ലാദേശ് പൊലീസ് ഇന്ത്യയിലേക്ക് കടന്നെന്ന് അവകാശപ്പെട്ട പ്രതിയാണ് ഇപ്പോള്‍ യുഎഇയില്‍ എത്തിയിരിക്കുന്നത്. യുഎഇയില്‍ നിന്ന് ഒരു വീഡിയോയും ഇയാള്‍ പുറത്തുവിട്ടു. ദുബായിലാണ് നിലവിള്ളതെന്നാണ് വീഡിയോയില്‍ ഫൈസല്‍ കരീം മസൂദ് പറയുന്നത്. ഒസ്മാന്‍ ഹാദിയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് ഫൈസല്‍ കരീം പറയുന്നത്. തന്നെയും കുടുംബത്തെയും കേസില്‍ കുടുക്കുകയായിരുന്നു. ജീവന്‍ രക്ഷാര്‍ത്ഥമാണ് ദുബായിലേക്ക് വന്നതെന്നും ഫൈസല്‍ കരീം പറയുന്നുണ്ട്. ഹാദിയുടെ കൊലയ്ക്ക് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണ്. ഹാദിയെ വാര്‍ത്തെടുത്തതു തന്നെ ജമാഅത്തെ ഇസ്‌ലാമിയാണെന്നും ജമാഅത്തെ പ്രവര്‍ത്തകരാണ് ഹാദിയെ കൊലപ്പെടുത്തിയതെന്നും ഫൈസല്‍ കരീം പറഞ്ഞു. ഹാദിയുമായി തനിക്ക് ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നുവെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഹാദിക്ക് ചില ഘട്ടങ്ങളില്‍ താൻ സംഭാവന നല്‍കിയിട്ടുണ്ടെന്നും ഫൈസൽ കരീം പറഞ്ഞു.

ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് നിലത്തിറക്കിയ പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവായിരുന്നു ഒസ്മാന്‍ ഹാദി. 2026ല്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയിരുന്നു. ഇതിനിടെയായിരുന്നു ഹാദിയുടെ മരണം. ധാക്കയിലെ ബിജോയ്‌നഗര്‍ പ്രദേശത്ത് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ അജ്ഞാതര്‍ ഹാദിക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു.