സ്കൂളിന് എന്നും അവധി; ക്ലാസ്സിൽ കുട്ടികൾക്ക് പകരം നിറയെ പുഴുക്കൾ, എത്തുന്നത് തേക്ക് തോട്ടത്തിൽനിന്ന്; പൊറുതിമുട്ടി വിദ്യാർത്ഥികളും അധ്യാപകരും; ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് നടപടിയെടുക്കണമെന്ന് പിടിഎ

പത്തനംതിട്ട: രൂക്ഷമായ പുഴുശല്യം കാരണം പത്തനംതിട്ട തോട്ടപ്പുഴശ്ശേരി എംടിഎൽപി സ്കൂളിന് അവധി നൽകി. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് പുഴുശല്യത്തിൽ പൊറുതിമുട്ടിയിരിക്കുന്നത്.

ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് പ്രതിരോധ മരുന്ന് തളിച്ച് താൽകാലിക പരിഹാരം തേടി. സ്കൂൾ തുറക്കാൻ കഴിയാത്ത രീതിയിലാണ് പുഴുശല്യം ഉണ്ടായിരിക്കുന്നത്. സമീപത്തെ തേക്കുതോട്ടത്തിൽ നിന്ന് ഇഴഞ്ഞുകയറുന്നതെന്നാണ് കരുതുന്നത്. രണ്ട് ദിവസമായി സ്കൂളിന് അവധിയാണ്.

ആരോഗ്യവകുപ്പ് അധികൃതരെത്തി പരിശോധിച്ച് പ്രതിരോധ മരുന്ന് നൽകി. ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് മരുന്ന് തളിച്ച് വൃത്തിയാക്കി. അതേസമയം, സ്കൂളിന് രണ്ടു ദിവസം കൂടി അവധി നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.

മരുന്ന് തളിച്ച് താൽകാലിക പരിഹാരം കണ്ടെങ്കിലും ആശങ്ക തീരുന്നില്ല. ശാശ്വത പരിഹാരമെന്ന നിലയ്ക്ക് ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് പ്രതിരോധ നടപടിയെടുക്കണമെന്നാണ് പിടിഎ ഉൾപ്പെടെ ആവശ്യപ്പെടുന്നത്.