അവയവ ദാനത്തിനായി വ്യാജരേഖ ചമച്ച കേസ്; ഡൽഹിയിൽ നിന്നും മുഖ്യപ്രതി നജീബിനെ പോലീസ് പിടികൂടി

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ മുഖ്യപ്രതി നജീബ് പിടിയില്‍. ഡല്‍ഹിയില്‍ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അവയവ ദാനത്തിനായി പ്രവര്‍ത്തിക്കുന്ന റാക്കറ്റ് നിയന്ത്രിച്ചിരുന്നത് കാസര്‍കോട് സ്വദേശിയായ നജീബാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒളിവിലായിരുന്ന പ്രതിയ്ക്കായി വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയത്. ഒടുവില്‍ ഡല്‍ഹിയിലെ ഗാസിയാബാദില്‍ വെച്ച് കണ്ടെത്തുകയായിരുന്നു. വൈകാതെ പ്രതിയെ കേരളത്തിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കുമെന്നാണ് വിവരം.

അവയവ ദാന തട്ടിപ്പില്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ച രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്ലുംതാഴം വലിയമാടം ശ്രീജ(40), പട്ടത്താനം ലത്തീഫ് മന്‍സിലില്‍ സുധീര്‍(31) എന്നിവരെയാണ് കൊല്ലം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ നിര്‍ദേശപ്രകാരം സാമ്പത്തിക ലാഭത്തിനായി അവയവം ദാനം ചെയ്ത വിനോദ് എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വ്യാജ രേഖകളും അനുമതി പത്രങ്ങളും നിര്‍മ്മിച്ച് മൂന്നുവര്‍ഷത്തോളമായി സംസ്ഥാനത്തുടനീളം അവയവ വില്‍പ്പന നടത്തിവരികയായിരുന്നു പ്രതികള്‍. അവയവങ്ങള്‍ നല്‍കാന്‍ തയ്യാറുളളവരെ കണ്ടെത്തല്‍. അവയവ ദാനത്തിന് ആവശ്യമായ സമ്മതപത്രങ്ങള്‍, സത്യവാങ്മൂലം, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ വ്യാജ രേഖകള്‍ നിര്‍മ്മിക്കുക എന്നിവയാണ് ഇവരുടെ ചുമതല. പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഡോക്ടര്‍മാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരുടെ ലെറ്റര്‍പാഡുകളും മറ്റ് രേഖകളും, മെഡിക്കല്‍ ലാബുകളുടെ വ്യാജരേഖകള്‍ തുടങ്ങിയ പ്രതികള്‍ വ്യാജമായി നിര്‍മ്മിച്ചിരുന്നു. ഇവയെല്ലാം റെയ്ഡില്‍ പിടിച്ചെടുത്തു.