ബംഗാളില്‍ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷസഖ്യം രൂപീകരിക്കാനുള്ള ശ്രമം തുടങ്ങി മമതാ ബാനര്‍ജി. ഇടതുപക്ഷത്തോടും വിദ്യാര്‍ത്ഥി സംഘടനകളോടും മമത പിന്തുണ തേടി. എന്നാല്‍ ബിജെപിയെ വളര്‍ത്തിയ മമതയോട് തല്ക്കാലം സഖ്യം വേണ്ടെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. അധികാരത്തില്‍ തിരിച്ചുവരവ് നിലവിലെ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഏതാണ്ട് അസാധ്യമായ മട്ടാണ്. ബിജെപിയില്‍ ഏകീകരിച്ച ഭൂരിപക്ഷ വിഭാഗവും എസ്ഐആര്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടാക്കിയ മാറ്റങ്ങളും പാര്‍ട്ടിയെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. ബിജെപിക്കെതിരെ ഒറ്റയ്ക്ക് നിന്ന് പോരാടുന്നത് പ്രായോഗികമല്ലെന്ന തിരിച്ചറിവ് മമതാ ബാനര്‍ജിക്കുണ്ട്. അതുകൊണ്ടാണ് സംസ്ഥാനത്ത് വിശാല പ്രതിപക്ഷസഖ്യത്തിനായി മമത നീക്കം നടത്തുന്നത്.
കോണ്‍ഗ്രസിനെ സംസ്ഥാനത്ത് തളര്‍ത്തിയതും സിപിഎമ്മിനെ ഭരണത്തില്‍ നിന്ന് പുറത്താക്കിയതും മമതാ ബാനര്‍ജിയുടെ തൃണമൂലാണ്. എന്നാല്‍ പൊതു ശത്രുവായി ബിജെപിയെ കണ്ടു പഴയ പിണക്കങ്ങള്‍ എല്ലാം മാറ്റിവെക്കണം എന്നതാണ് മമതയുടെ ആവശ്യം. ഇടതുപക്ഷവും വിദ്യാര്‍ത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും എല്ലാം ബിജെപി എന്ന ഒരൊറ്റ ശത്രുവിന് നേരെ അണിനിരക്കണമെന്ന് മമത അഭ്യര്‍ത്ഥിച്ചു. സഹകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് തന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും മമത പറഞ്ഞു. എന്നാല്‍ മമതയോടുള്ള സമീപനത്തില്‍ മാറ്റം വേണ്ടെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം തന്നെ ഇക്കാര്യം വ്യക്തമാക്കി.
