അര നൂറ്റാണ്ട് പിന്നിട്ട കോട്ടയം മെഡിക്കൽ കോളേജിലെ ഓൾഡ് ക്യാംപസിൽ മുന്നറിയിപ്പ് ബോർഡ് ഉയരുന്നു; നടപടി കാടു പിടിച്ചു കിടക്കുന്ന ഓൾഡ് ക്യാംപസ് സാമൂഹിക വിരുദ്ധരുടെ താവളമായതിനെ തുടർന്ന്

ഗാന്ധിനഗർ: ‘അനുവാദമില്ലാതെ അകത്ത് പ്രവേശിക്കരുത് ’ അര നൂറ്റാണ്ട് പിന്നിട്ട കോട്ടയം മെഡിക്കൽ കോളേജിലെ ഓൾഡ് ക്യാംപസിൽ ആദ്യമായി മുന്നറിയിപ്പ് ബോർഡ് ഉയരുന്നു. കാടു പിടിച്ചു കിടക്കുന്ന ഓൾഡ് ക്യാംപസ് സാമൂഹിക വിരുദ്ധരുടെ താവളമായതിനെ തുടർന്നാണ് നടപടി. പ്രവേശ കവാടത്തിൽ ഗേറ്റും മുന്നറിയിപ്പ് ബോർഡും സ്ഥാപിക്കും.

തുറന്നു കിടക്കുന്ന കെട്ടിടങ്ങളുടെ മുറികൾ അടച്ചുപൂട്ടും. കാലഹരണപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുപണിയും. പ്രദേശത്തെ കാടും വള്ളിയും വെട്ടിമാറ്റും. പൊലീസിന്റെ സഹായത്തോടെ രാത്രി മിന്നൽ പരിശോധന നടത്തും. കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ ഇന്നലെ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം.

കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസ്, ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ.രതീഷ് കുമാർ, ആർഎംഒ ഡോ. സാം ക്രിസ്റ്റി, അലമ്നൈ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ടിജി തോമസ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഓൾഡ് ക്യാംപസിലെത്തി പരിശോധന നടത്തി. തുടർന്ന് അടിയന്തര യോഗം വിളിച്ചു ചേർക്കുകയായിരുന്നു.

മറ്റു തീരുമാനങ്ങൾ

∙ അതിരമ്പുഴ റോഡിലേക്കു തുറക്കുന്ന പ്രവേശന കവാടത്തിൽ പുതിയ ഗേറ്റ് സ്ഥാപിക്കും.
∙ ക്യാംപസ് വളപ്പിലും കെട്ടിടങ്ങളിലും കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കും.
∙ കതക് ഇല്ലാത്ത മുറികൾക്ക് അടിയന്തരമായി കതകുകൾ സ്ഥാപിക്കും
∙ സെക്യൂരിറ്റി പ്രവർത്തനം ഉറപ്പാക്കാനായി പ്രത്യേക സംഘത്തെ നിരീക്ഷണത്തിന് ഏർപ്പെടുത്തും.
∙ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അലമ്നൈ അസോസിയേഷൻ, പിടിഎ, സർക്കാർ ഫണ്ടുകൾ ലഭിക്കുന്നതിന്
അപേക്ഷ നൽകും.
∙ ക്യാംപസിൽ പല സ്ഥലങ്ങളിലായി സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇതിന്റെ നിരീക്ഷണം അലമ്നൈ
അസോസിയേഷൻ ഓഫിസിൽ സജ്ജമാക്കും.
∙ അലമ്നൈ അസോസിയേഷൻ ഉടൻ തന്നെ ഗ്രീൻ ക്യാംപസ് എന്ന ബൃഹത് പദ്ധതിക്കു തുടക്കമിടും.