കോട്ടയം: പുതുതലമുറയിലെ ഫിറ്റ്‌നസ് ഫ്രീക്കുകളുടെ പ്രധാന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഓട്‌സ്.
ഓവര്‍നൈറ്റ് ഓട്സ്, ഓട്സ് കഞ്ഞി, ഓട്സ് സ്മൂത്തി തുടങ്ങി ഓട്സ് ഉപയോഗിച്ച് ഒരു നൂറായിരം വെറൈറ്റി വിഭവങ്ങള്‍ ഉണ്ട്.
എന്നാല്‍ ഓട്സ് വാങ്ങി ഒരാഴ്ചക്കുള്ളില്‍ തീര്‍ത്തില്ലെങ്കില്‍ അവയില്‍ ഈര്‍പ്പം തട്ടി പെട്ടെന്ന് മോശമാകുമെന്ന പരാതി പതിവാണ്. എന്നാല്‍ ഇനി ഓട്സ് അങ്ങനെ പെട്ടെന്ന് മോശമാകില്ല, ഒരു വര്‍ഷം വരെ ഫ്രഷ് ആയി സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ…
എയര്‍ടൈറ്റ് പാത്രങ്ങള്‍
ഓട്‌സ് ഫ്രഷ് ആയി സംരക്ഷിക്കാന്‍ എപ്പോഴും എയര്‍ടൈറ്റായ ഗ്ലാസ് അല്ലെങ്കില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം. ഇത് ഓട്സ് പെട്ടെന്ന് ഈര്‍പ്പം തട്ടി പൂപ്പല്‍ പിടിക്കുന്നത് കുറയ്ക്കും.
ഫ്രിഡ്ജില്‍ സൂക്ഷിക്കാം
ഈര്‍പ്പവും താപനിലയും ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ചൂടു കൂടിയതും ഈര്‍പ്പം തങ്ങി നില്‍ക്കുന്നതുമായ മുറിയില്‍ ഓട്‌സ് സൂക്ഷിക്കുന്നത് അവ പെട്ടെന്ന് മോശമാകാന്‍ കാരണമാകുന്നു. ഓട്‌സ് എയര്‍ടൈറ്റ് ആയ പാത്രത്തില്‍ അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.
ഫ്രീസ് ചെയ്യാം
ഫ്രീസ് ചെയ്യുന്നത് ഒരു വര്‍ഷം ഓട്സ് കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ സൂക്ഷിക്കുന്നതു കൊണ്ട് ഓട്സിന്‍റ ഘടനയിലോ രുചിയിലോ മാറ്റം വരില്ല. ഫ്രീസ് ചെയ്യുന്നതിന് മുന്‍പ് ഓട്സ് സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍ നിന്ന് അല്ലെങ്കില്‍ പാക്കറ്റില്‍ നിന്ന് പരമാവധി വായു നീക്കം ചെയ്തുവെന്ന് ഉറപ്പിക്കണം.
ഓക്‌സിജന്‍ അബ്‌സോര്‍ബേഴ്‌സ്
ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷമാണെങ്കില്‍ ഓക്‌സിജന്‍ അബ്‌സോബേഴ്‌സ് ഉപയോഗിച്ച് ഓട്‌സ് സൂക്ഷിക്കാം. ഭക്ഷണസാധനങ്ങള്‍ നീണ്ട കാലം ഉപയോഗിക്കുന്നതിനാണ് ഓക്‌സിജന്‍ അബ്‌സോബേഴ്‌സ് ഉപയോഗിക്കുന്നത്. ഇവ പാത്രത്തിനുള്ളിലെ ഓക്‌സിജന്‍ നീക്കി ഭക്ഷണ സാധനങ്ങള്‍ മോശമാകാതെ സൂക്ഷിക്കുന്നു. ഇവ ഓട്‌സ് സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍ ഇട്ടു വെച്ചാല്‍ അവ നീണ്ട കാലം വരെ സംരക്ഷിക്കാം.
പ്രാണികള്‍ വരാതെ സംരക്ഷിക്കുക
ഓട്സ് സൂക്ഷിക്കുന്ന പാത്രം നിരന്തരം തുറക്കുന്നതും അടയ്ക്കുന്നതും പ്രാണികള്‍ കയറാന്‍ കാരണമാകും. അതിനാല്‍ എയര്‍ടൈറ്റ് പാത്രങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ പ്രാണികള്‍ ഉള്ളില്‍ കയറാതെ സൂക്ഷിക്കുക. ഒരാഴ്ചത്തേക്ക് ഉപയോഗിക്കാന്‍ കണക്കാക്കിയുള്ള അളവില്‍ ഓട്സ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഉപയോഗിക്കുന്നതും പ്രാണി കയറി ഓട്സ് മോശമാകുന്നത് തടയാന്‍ സഹായിക്കും.
