അയോധ്യ ക്ഷേത്രപരിസരത്തും ‘പാഞ്ച്‌കോസി പരിക്രമ’ യാത്ര കടന്നുപോകുന്ന വഴിയിലും മാംസാഹാരങ്ങള്‍ നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രദേശത്തെ മതപരവും സാംസ്‌കാരികവുമായ ‘ശുദ്ധി’ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് അവകാശവാദം. കടകള്‍ക്കും ഹോട്ടലുകള്‍ക്കും പുറമെ സൊമാറ്റോ, സ്വിഗി ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ആപ്പ് വഴിയും പ്രദേശത്ത് മാംസാഹരങ്ങള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും അധികൃതര്‍ വിലക്കി. ഇതിന് പുറമെ ഗസ്റ്റ് ഹൗസുകളിലും ഹോംസ്റ്റേകളിലും മാംസാഹാരം വിളമ്പുന്നതിലും വിലക്കുണ്ട്. നിര്‍ദേശം പൂര്‍ണ്ണമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കടകളിലും ഹോട്ടലുകളിലും മാംസാഹാരം വില്‍ക്കുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയ്ക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. പ്രദേശവാസികളുടെയും നാട്ടുകാരുടെയും തുടര്‍ച്ചയായ പരാതിയെത്തുടര്‍ന്നാണ് മാംസാഹാരത്തിന് പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്തിയതെന്നാണ് അധികൃതരുടെ വാദം.
സമാനമായ തീരുമാനം നേരത്തെ പഞ്ചാബും പ്രഖ്യാപിച്ചിരുന്നു. സുവര്‍ണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം പൂര്‍ണ്ണമായും ‘പുണ്യനഗരി’യായി പ്രഖ്യാപിച്ച് ഇറച്ചിയും മീനും മദ്യവും ഉള്‍പ്പടെ നിരോധിച്ചാണ് പഞ്ചാബ് സർക്കാർ ഉത്തരവിറക്കിയത്. മദ്യം, ഇറച്ചി, മീന്‍, പുകയില, മറ്റുലഹരി വസ്തുക്കള്‍ എന്നിവയ്ക്കാണ് വിലക്ക്.
